
പത്തനംതിട്ട: ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്ത് ദിവസം 10,000 ഭക്തരെ പ്രവേശിപ്പിക്കണമെന്ന് ദേവസ്വം ബോർഡ്. തുലാമാസ പൂജയിൽ ഭക്തർക്ക് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ മികച്ചതായിരുന്നെങ്കിലും ദേവസ്വം ബോർഡിന് വരുമാനം ലഭിച്ചില്ല. ഇതേ തുടർന്നാണ് അടുത്ത മാസം 15ന് ആരംഭിക്കുന്ന തീർത്ഥാടനത്തിൽ ഭക്തരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ബോർഡ് ആവശ്യപ്പെടുന്നത്. ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യും.
ദിവസം 1000 ഭക്തരെ വീതം ദർശനത്തിന് അനുവദിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അവധി ദിവസങ്ങളിൽ 2000, മണ്ഡല-മകരവിളക്ക് പൂജയ്ക്ക് 5000 എന്നിങ്ങനെയാണ് പ്രവേശനം. ഇത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. തങ്ങളുമായി ആലോചിക്കാതെ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിലപാട് സ്വീകരിച്ചതെന്ന് ബോർഡിന് അഭിപ്രായമുണ്ട്. തുലാമാസ പൂജയിൽ ഏർപ്പെടുത്തിയ ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ നിലനിറുത്തി ഭക്തരുടെ എണ്ണം പതിനായിരത്തിലേക്ക് എത്തിച്ച് തീർത്ഥാടനകാലം സുഗമമാക്കാമെന്നും വരുമാനം വർദ്ധിക്കുമെന്നും ബോർഡ് കരുതുന്നു. ഒരു മണിക്കൂറിൽ 600 പേരെ ദർശനത്തിന് അനുവദിക്കണം. പമ്പയിൽ ഷവറുകൾ കൂട്ടേണ്ടതില്ല. നിലവിലുള്ള ടോയ്‌ലെറ്റ് സംവിധാനങ്ങൾ മതിയാകും. അന്നദാനം ദേവസ്വം ബോർഡ് നടത്തും. സന്നിധാനത്ത് വിരി അനുവദിക്കില്ല. ഒരു മണിക്കൂറിനുള്ളിൽ ഭക്തർ മലയിറങ്ങണം.
തുലാമാസ പൂജയിൽ 1250 പേർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും 749 ഭക്തരാണ് എത്തിയത്. പൊലീസും ആരോഗ്യ പ്രവർത്തകരും ദേവസ്വം ബോർഡ് ജീവനക്കാരുമായി അത്രയുംതന്നെ ആളുകൾ അഞ്ച് ദിവസം സേവനത്തിലുണ്ടായിരുന്നു. നാല്പത് ശതമാനം ആളുകൾ ദർശനത്തിന് വന്നില്ല.
ഇൗ തീർത്ഥാടന കാലത്ത് സന്നിധാനത്ത് ഉദയാസ്തമയ പൂജയും പടിപൂജയും നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഭക്തരുടെ തിരക്ക് കാരണമാണ് മുൻ വർഷങ്ങളിൽ പൂജകൾ നടത്താതിരുന്നത്. 2031 വരെയുള്ള പൂജകൾക്ക് ബുക്കിംഗ് ഉണ്ട്. 2008ലെ പൂജകളാണ് തുലാമാസ പൂജയിൽ നടന്നത്.
'' തുലാമാസ പൂജയിൽ ഭക്തർക്ക് ഏർപ്പെടുത്തിയ ക്രമീകരണം വിജയമായിരുന്നു. തീർത്ഥാടന കാലത്ത് സാമൂഹിക അകലം പാലിച്ച് കൂടുതൽ ഭക്തരെ പ്രവേശിപ്പിക്കണമെന്നാണ് നിലപാട്.
എൻ. വാസു, ദേവസ്വം ബോർഡ് പ്രസിഡന്റ്.