ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങൾക്ക് വൈദ്യുതി ചാർജ് അടയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ളത് മൂന്ന് പഞ്ചായത്തുകളിലെ വൈദ്യുതി സെക്ഷൻ ഓഫീസുകളിൽ. അതും കൊല്ലം, പത്തനംതിട്ട ജിലുകളിലായി. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ,ഏഴംകുളം, കൊല്ലം ജില്ലയിലെ പത്തനാപുരം എന്നിവിടങ്ങളിലായിട്ടാണ് ഏനാദിമംഗലത്തെ ഉപഭോക്താക്കളെ വിഭജിച്ച് നൽകിയിട്ടുള്ളത്.രണ്ട് ജില്ലകളായതിനാൽ ഇവിടുത്തെ ഉപഭോക്താക്കൾ നേരിടുന്നത് വിവിധ തരത്തിലുള്ള പ്രശ്നങ്ങളുമാണ്.ഇവരുടെ ബുദ്ധിമുട്ടുകൾ വർഷങ്ങളായി അധികാരികളെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. നിരവധി തവണ വിവിധ ജനപ്രതിനിധികൾ ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന വൈദ്യുതി വകുപ്പിന് നിവേദനങ്ങൾ നൽകിയെങ്കിലും ഇതേവരെ പരിഗണിച്ചിട്ടില്ല.യാത്ര രണ്ടു ബസിലായി കിലോമീറ്ററുകൾ യാത്ര ചെയ്ത് വേണം ഇവർ വൈദ്യുതി ചാർജ് അടയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും പോകാൻ. ഏനാദിമംഗലത്തെ കുന്നിട,കുറുമ്പകര,ചായലോട് നിവാസികൾ ഒരു ബസിൽ പത്താനാപുരം വരെ എത്തിയ ശേഷം അവിടെ നിന്ന് ബസ് മാറി വേണം ഓഫീസ് പ്രവർത്തിക്കുന്ന കലഞ്ഞൂരിലെത്താൻ.15 കിലോമീറ്ററോളം യാത്രയുണ്ട്.ചായലോട്ടും കുന്നിടയിൽ നിന്നും കലഞ്ഞൂർ വരെ. സാധാരണക്കാർക്ക് ഇതൊരു ബുദ്ധിമുട്ട് തന്നെയാണ്.

പേരിനൊരു ഓവർസീയർ ഓഫീസ്

ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ 23 ജംഗ്ഷനിൽ പേരിന് ഒരു ഓവർസിയർ ഓഫീസുള്ളത്. വാടക കെട്ടിടത്തിലെ ഒരു മുറിയിൽ ഫോൺ പോലുമില്ലാതെയാണ് പ്രവർത്തിക്കുന്നത്.രണ്ട് ലൈൻമാൻമാരാണ് ഇവിടെ ജോലിക്കുള്ളത്.എന്നാൽ ഫീൽഡിലെ പണികൾ കാരണം ഇവരെ ‌കാണാനുമില്ല. രാത്രി ഏഴ് കഴിഞ്ഞാൽ ഇതും അടഞ്ഞ് കിടക്കും.ഏനാദിമംഗലം കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷൻ ഓഫീസ് ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്കെല്ലാം ജനങ്ങൾ ഓടി നടക്കുകയാണ്. ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യമാണ് ഇവിടം കേന്ദ്രീകരിച്ച് വൈദ്യുതി സെക്ഷൻ ഓഫീസ് വേണമെന്നത്. പതിനായിരത്തിലധികം ഉപഭോക്താക്കൾ 15 വാർഡുകളിലായിട്ട് ഇവിടെയുണ്ട്. അടിയന്തരമായി സെക്ഷൻ ഓഫീസ് ഏനാദിമംഗലത്ത് സ്ഥാപിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-നിരവധി തവണ പരാതി നൽകിയിട്ടും ഫലമില്ല

------------

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ,ഏഴംകുളം, കൊല്ലം ജില്ലയിലെ പത്തനാപുരം എന്നിവിടങ്ങളിലായാണ് ഏനാദിമംഗലത്തുകാർ വൈദ്യുതി ചാർജ് അടയ്ക്കുന്നത്..