പള്ളിക്കൽ: ഒന്നിനുപിറകെ ഒന്നായി അംഗീകാരങ്ങൾ നേടിയെടുക്കുകയാണ് കൈതക്കൽ ബ്രദേഴ്സിന്റെ ചെറുപ്പക്കാർ. 2018-19 ലെ നെഹ്റു യുവ കേന്ദ്രയുടെ ജില്ലയിലെ മികച്ച ക്ലബായും സംസ്ഥാനത്തെ മികച്ച ക്ലബുകളിൽ ഒന്നായും തിരഞ്ഞെടുക്കപ്പെട്ട ബ്രദേഴ്സിനെ തേടി സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ 2019 ലെ ജില്ലയിലെ മികച്ച ക്ലബ് എന്ന അംഗീകാരവുമെത്തി. 30000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. 2018 -19 ൽ ബ്രദേഴ്സ് നടത്തിയ വേറിട്ട പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. കലാ കായികം, സാമൂഹികം, സാംസ്കാരികം, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, ഗ്രന്ഥശാല പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി പ്രവർത്തനങ്ങളാണ് ബ്രദേഴ്സ് നടത്തിയത്. ഹൃദയപൂർവം ബ്രദേഴ്‌സ് എന്ന ജീവകാരുണ്യ പ്രവർത്തനവും ശ്രദ്ധേയമായി. അകാലത്തിൽ പിരിഞ്ഞ ബ്രദേഴ്സിലെ അംഗങ്ങളായ ഷിനുവിന്റെയും ജയകൃഷ്ണന്റെയും സ്മരണയ്ക്കായി ഗ്രന്ഥശാല സ്ഥാപിച്ചതും ഗ്രന്ഥശാലയ്ക്ക് കൈതക്കൽ കൈമവിള ജംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിച്ചതും ശ്രദ്ധേയമായ നേട്ടമായിരുന്നു. അഡ്വ. യു. ജനീഷ് കുമാർ എം.എൽ.എയിൽ നിന്ന് ബ്രദേഴ്‌സ് പ്രവർത്തകർ അവാർഡ് ഏറ്റുവാങ്ങി. യുവജനക്ഷേമബോർഡ് ജില്ലാ ചെയർമാൻ അഡ്വ. ആർ. ജയൻ, ജില്ലാ കോ -ഓർഡിനേറ്റർ ശ്രീലേഖ എന്നിവർ പങ്കെടുത്തു.പ്രസിഡന്റ് വിമൽ കൈതക്കൽ,സെക്രട്ടറി ജയകുമാർ .പി, ട്രഷറർ വിമൽ കുമാർ. എസ്, വൈസ് പ്രസിഡന്റ് ഷാനു. ആർ. അമ്പാരി,ജോയിന്റ് സെക്രട്ടറി രഞ്ജീവ്‌.പി. ആർ എന്നിവർ നേതൃത്വം നൽകുന്നു.