കോന്നി : ഉന്നത വിദ്യാഭ്യാസ രംഗത്ത് കിഴക്കൻ മേഖലയുടെ മുന്നേറ്റത്തിന് വഴിയൊരുക്കി സീതത്തോട്ടിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് വരുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ പരിധിയിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് )ആണ് കോളേജ് ആരംഭിക്കുന്നത്.
മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല . ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്റിയുമായും ഉന്നത വിദ്യാഭ്യാസ മന്ത്റിയുമായും, ആരോഗ്യമന്ത്റിയുമായും ചർച്ച നടത്തി കോളേജ് ആരംഭിക്കാൻ നടപടി സ്വീകരിച്ചത്.
അഞ്ചേക്കർ സ്ഥലമാണ് കോളേജ് നിർമ്മിക്കുന്നതിന് ആവശ്യമുള്ളത്. കക്കാട് പവർഹൗസിനു സമീപമുള്ള സ്ഥലം കെ.യു. ജനീഷ് കുമാർ എം.എൽ.എയും സീപാസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സന്ദർശിച്ചു. സ്ഥലം കോളേജിന് പര്യാപ്തമാണെന് സീപാസ് സംഘം അറിയിച്ചു.
ഡാം സേ്റ്റഫി സബ്ഡിവിഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ എ. ശിവകുമാറുമാ
യി ചർച്ച നടത്തി.
നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ സീതത്തോട് ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ആശുപത്രി കെട്ടിടത്തിൽ കോളേജ് താത്കാലികമായി ആരംഭിക്കും.
കോഴ്സുകൾ
ബി.എസ്.സി കോഴ്‌സുകളായ നഴ്‌സിംഗ്, എം.എൽ.ടി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവയുമാണ് ആദ്യം ആരംഭിക്കുന്ന കോഴ്‌സുകൾ. അഡ്മിഷൻ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.എം.ജി.യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ ഈടാക്കു. കോളേജ് ആരംഭിച്ച ശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളേജും ആരംഭിക്കും.
--------------------
സീതത്തോട്ടിലെ വിദ്യാർത്ഥികൾ നഴ്‌സിംഗ് ഉൾപ്പടെയുള്ള വിവിധ കോഴ്‌സുകൾ പഠിക്കാൻ മറ്റ് സ്ഥലങ്ങളെയാണ് ആശ്ര'യിക്കുന്നത്. സീതത്തോട്ടിൽ മെഡിക്കൽ പ്രൊഫഷണൽ കോഴ്‌സുകൾ പഠിപ്പിക്കുന്ന കോളേജ് ആരംഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കോന്നി ഗവ.മെഡിക്കൽ കോളേജിന് അനുബന്ധമായി ഗവ. നഴ്‌സിംഗ് കോളേജും ആരംഭിക്കുന്നുണ്ട്.
കെ.യു. ജനീഷ് കുമാർ എം.എൽ.എ