 
പ്രമാടം : കേരളത്തിൽ പാവപ്പെട്ടവന്റെ ജീവിതോപാധിയായി മൃഗസംരക്ഷണം മാറിയെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പ്രമാടം വെറ്ററിനറി ഡിസ്പെൻസറിയുടെ ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖല പോലെ തന്നെ ജനങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന മേഖലയായി മൃഗസംരക്ഷണം മാറിയിട്ടുണ്ട്. പാലിന്റെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തതയിൽ എത്തി നിൽക്കുന്നത് ഇതിന് ഉദാഹരണമാണ്. നമുക്ക് ആവശ്യമായ പാൽ വീട്ടിൽത്തന്നെ ഉല്പാദിപ്പിക്കണം. കവർ പാലിനെ ആശ്രയിക്കുന്ന ശീലം മാറണം. വീട്ടിലെ ആവശ്യം കഴിച്ചുള്ള പാൽ വിറ്റാൽ മറ്റൊരു വരുമാനവും ലഭിക്കും. പശുവിന് പുറമെ കോഴി, ആട്, പോത്ത്, എരുമ എന്നിവയെ വളർത്തുന്നതിനും മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
കെ.യു. ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ , വൈസ് പ്രസിഡന്റ് ലിസി ജയിംസ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനന്ദവല്ലിയമ്മ, ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. വിശ്വംഭരൻ, വാർഡ് മെമ്പർ കെ.എം. മോഹനൻ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഉമ്മൻ.പി. രാജ്, കെ.ആർ. ജയൻ, ബി. രാജേന്ദ്രൻപിള്ള, ഗിരീഷ് കളഭം, പ്രമാടം വെറ്ററിനറി സർജൻ ഡോ. ഷീനഗ്രേസ് കോശി എന്നിവർ പ്രസംഗിച്ചു.
-------------
നിവേദനം നൽകി.
പ്രമാടം മൃഗാശുപത്രയിൽ ആടുകളെ ബീജസങ്കലനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ കെ.എം. മോഹനൻ മന്ത്രി കെ.രാജുവിന് നിവേദനം നൽകി. നിരവധി ആട് കർഷകരുള്ള പ്രദേശമാണ് പ്രമാടം. അടിയന്തിര നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി യോഗത്തിൽ അറിയിച്ചു.