
പത്തനംതിട്ട : കൊവിഡ് ചട്ടലംഘനങ്ങൾ തടയാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ പ്രവർത്തനം ജില്ലയിൽ സജീവം.
പൊതുജനങ്ങൾക്കിടയിൽ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ, ക്വാറന്റൈൻ, ഐസോലേഷൻ, കോവിഡ് ചട്ടങ്ങൾ അനുസരിച്ചുള്ള പരിപാടികളുടെ സംഘാടനം(വിവാഹം, മരണം, ഓഡിറ്റോറിയം, മറ്റുള്ളവ), മൈക്രോ കണ്ടെയ്ന്റ്‌മെന്റ്, റിവേഴ്‌സ് ക്വാറന്റൈൻ, കടകളുടെ പ്രവർത്തനം, ചന്തകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ, പ്രചാരണ പരിപാടികൾ തുടങ്ങിയ കാര്യങ്ങളുടെ നിരീക്ഷണ ചുമതല സെക്ടറൽ ഓഫീസർമാർക്കാണ് നൽകിയിരിക്കുന്നത്. ഇവർ ഇക്കാര്യങ്ങൾ നേരിട്ട് സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആദ്യമായി കോവിഡ് ചട്ടലംഘനങ്ങൾ നടത്തുന്നവർക്ക് സെക്ടറൽ മജിസ്‌ട്രേറ്റുകൾ താക്കീത് നൽകും. എന്നാൽ ഒന്നിലധികം തവണ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഫൈൻ ഈടാക്കുന്നതിനോ കേസ് ഫയൽ ചെയ്യുന്നതിനോ ഉള്ള നിർദേശം ജാഗ്രത പോർട്ടലിൽ നൽകും. ഈ നിർദേശ പ്രകാരം അതത് പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് തുടർ നടപടി ഉണ്ടാകുക.
മാസ്‌ക് ശരിയായ രീതിയിൽ ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കുന്നതിൽ വീഴ്ച വരുത്തുക, കടകളിൽ സന്ദർശകരുടെ രജിസ്റ്ററുകൾ സൂക്ഷിക്കാതിരിക്കുക, റോഡിൽ അലക്ഷ്യമായി തുപ്പുക തുടങ്ങിയ കുറ്റങ്ങൾ ഗൗരവത്തോടെ തന്നെ സെക്ടറൽ മജിസ്‌ട്രേറ്റുമാർ കൈകാര്യംചെയ്യുന്നുണ്ട്.
ഓരോ സെക്ടൽ ഓഫീസറെയും അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി പരിധിയിൽ മജിസ്റ്റീരിയൽ അധികാരത്തോടെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.