പന്തളം: ബൈക്കിലെത്തി വീട്ടമ്മയുടെ താലിമാല പറിച്ചുകൊണ്ടു പോയ കേസിൽ പിടിയിലായവരെ പന്തളത്തെത്തിച്ച് തെളിവെടുത്തു. വവ്വാക്കാവ് കടത്തൂർ ഹരിശ്രീഭവനത്തിൽ ജയകൃഷ്ണൻ ( 18), പത്തിയൂർ വെളിത്തറ വടക്കേതിൽ ( ലക്ഷം വീട്ടിൽ) അൻവർഷ (19) എന്നിവരാണ് കഴിഞ്ഞ18 ന് നൂറനാട് പൊലീസിന്റെ പിടിയിലായത്. ഇവിടെ നടന്ന മാല പൊട്ടിച്ചെടുക്കൽ കേസിൽ ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് പന്തളത്ത് മോഷണം നടത്തിയ വിവരം സമ്മതിച്ചത്. കഴിഞ്ഞ 7 ന് ഉച്ചയ്ക്ക് 12.15ന് അമ്പലത്തിനാൽ ചൂര തവളംകുളം റോഡിൽ വള്ളിക്കാവിനാൽ വയലിൽ വച്ച് പൂഴിക്കാട് തൂമല തടത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ രത്നമ്മയുടെ 3 പവന്റെ താലിമാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. മാല കായംകുളത്ത് സ്വർണവ്യാപാരിക്ക് വിറ്റു. നൂറനാട്, വീയപുരം, വള്ളികുന്നം, കുറത്തികാട് സ്റ്റേഷനുകളിലും ഇവരുടെ പേരിൽ കേസുകളുണ്ടെന്ന് പന്തളം സി.ഐ.എസ്.ശ്രീകുമാർ പറഞ്ഞു.പ്രതികളെ രത്നമ്മ തിരിച്ചറിഞ്ഞു.