jack

പത്തനംതിട്ട : മലയിടിച്ചിലും ഉരുൾപൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളും ഭൂമികുലുക്കവും ഉണ്ടായി ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടാൽ ജീവന്റെ തുടിപ്പ് തിരിച്ചറിഞ്ഞ് കണ്ടെത്തി രക്ഷപ്പെടുത്താൻ ജാക്കിനു കഴിയും. പ്രത്യേക പരിശീലനം ലഭിച്ച ഒരുവയസുള്ള ലാബ്രഡോർ ഇനത്തിൽപെട്ട ജാക്ക് ഏഴംഗ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡിലെ അംഗമായിരിക്കുകയാണ്. പഞ്ചാബിലെ ഐ.ടി.ബി.പി ഹോം ഗാർഡ് കാനൈൻ ട്രെയിനിംഗ് ആൻഡ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ജാക്കിന്റെ വരവ്.

പ്രകൃതിദുരന്തങ്ങൾ ഏറ്റവും അധികം ബാധിക്കുന്ന നാലു ജില്ലകൾക്ക് സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗത്തിൽ പ്രത്യേകപരിശീലനം ലഭിച്ച നായകളെ അനുവദിച്ചിരുന്നു. തുടർന്ന് ഇവയെ പഞ്ചാബിൽ നിന്ന് വാങ്ങി എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 26 നു തൃശൂർ പൊലീസ് അക്കാദമിയിൽ തുടങ്ങിയ ഒൻപതു മാസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ജാക്ക് ജില്ലയിലെ ശ്വാനസേനയിൽ അംഗമാകുകയായിരുന്നു.

ജാക്കിന്റെ ഹാൻഡ്‌ലർമാരായ സി.പി.ഒമാരായ ഹരിപ്രസാദ്, അബിലാൽ എന്നിവരോട് ജില്ലാ പൊലീസ് മേധാവി പുതിയ അതിഥിയെക്കുറിച്ച് ചോദിച്ചറിയുകയും തുടർന്ന് ജാക്കിന്റെ അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുകയും ചെയ്തു.

സാധാരണ ലാബ്രഡോർ ഇനത്തിൽപെട്ട നായകൾ തുടർച്ചയായി ഒരുമണിക്കൂറോളം സജീവമായി ജോലി ചെയ്യുമ്പോൾ ക്ഷീണിക്കും. എന്നാൽ, പുതുതായി സേനയ്ക്ക് ലഭിച്ച നാലു നായകളും മൂന്നുമണിക്കൂറോളം തുടർച്ചയായി ജോലിയെടുക്കാൻ ശേഷിയുള്ളവയാണ്.

കെ.ജി. സൈമൺ,

ജില്ലാ പൊലീസ് മേധാവി