
മലയാലപ്പുഴ: ബ്രിട്ടീഷ് ഭരണകാലത്തെ കൊളോണിയൽ സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായി ഹാരിസൺസ് മലയാളം പ്ലാന്റേഷനിലെ കുമ്പഴ തോട്ടത്തിൽ ഇപ്പോഴുമുണ്ട് എസ്റ്റേറ്റ് ബംഗ്ലാവുകൾ. സ്വാതന്ത്ര്യലബ്ദ്ധിക്ക് മുമ്പ് ബ്രിട്ടീഷുകാർ പണികഴിപ്പിച്ച മൂന്ന് ബംഗ്ലാവകളാണ് ഇവിടെയുള്ളത്. ലണ്ടൻ ആസ്ഥാനമായിരുന്ന കമ്പനിയിലെ മാനേജർമാരായ ബ്രട്ടീഷുകാർക്ക് താമസിക്കാൻ ഒരു നൂറ്റാണ്ട് മുമ്പ് പണികഴിപ്പിച്ചവയാണ് ഇവ.
പഴക്കമുണ്ടെങ്കിലും കേടുപാടുകളില്ല. തണുപ്പ് കാലത്ത് എല്ലാ മുറികളിലും ചൂടും, വേനൽക്കാലത്ത് കാറ്റും ലഭിക്കത്തക്ക രീതിയിലാണ് നിർമ്മാണം. . രാജകൊട്ടാരങ്ങളുടേതിന് സമാനമായ ചിത്രപ്പണികളുണ്ട്. വീട്ടിയിലും തേക്കിലും പണികഴിപ്പിച്ച ബംഗ്ലാവിന്റെ ഭിത്തികൾ കരിങ്കല്ലിലാണ് നിർമ്മിച്ചിട്ടുള്ളത്. ഓടിട്ടമേൽക്കൂരയും മച്ചുകളുമാണ്. തറയോടുകൾ പോളിഷ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. വിശാലമായ ഹാൾ, നിരവധി മുറികൾ, വിസ്തൃതമായ പാചകശാല, ചുറ്റും വരാന്തകൾ, വിശാലമായ മുറ്റം, ചില്ലുകളിട്ട ജനാലകൾ, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, പൂന്തോട്ടം എന്നിവയുണ്ട്. ഉയർന്ന കുന്നുകളുടെ മുകളിലായതിനാൽ സൂര്യപ്രകാശവും കാറ്റും കിട്ടും. ഇവിടെ നിന്നാൽ ദൂരെയുള്ള തോട്ടത്തിലെ മലനിരകളും, വനങ്ങളും കാണാം .. രാവിലെയും വൈകിട്ടും കോടമഞ്ഞു പെയ്തിറങ്ങുന്ന ഈ സ്ഥലങ്ങൾ മുമ്പ് തേയിലത്തോട്ടങ്ങളായിരുന്നു. മൂന്ന് ബംഗ്ലാവുകൾക്കും വിശാലമായ മുറ്റവും ചുറ്റും റോഡുമുണ്ട്. മുറ്റത്തു പൂവിട്ടു നിൽക്കുന്ന തണൽ മരങ്ങളും, പുൽതകിടികളും കുളിർമ്മ പകരുന്ന കാഴ്ചകളാണ്.
ഒാർമ്മയിലുണ്ട് സായിപ്പും മദാമ്മയും
1947 ന് മുമ്പ് ഇവിടെ താമസിച്ചിരുന്ന ബ്രിട്ടീഷുകാരായ ഹോക്കിൻസ്, ലോസെൻ, ലൂയിസ് എന്നീ മാനേജർമാരെ പഴയതലമുറ ഇന്നും ഓർക്കുന്നു. തുറന്ന കാറിൽ വളർത്തു നായ്ക്കളെയും കൊണ്ടായിരുന്നു അവർ സഞ്ചരിച്ചിരുന്നത്. എസ്റ്റേറ്റിന്റെ അതിർത്തിയിലെ കല്ലാറ്റിൽ സായിപ്പ് കുളിക്കാനെത്തുന്നതും വനത്തിൽ വേട്ടയ്ക്ക് പോകുന്നതും നാട്ടുകാർക്കു കൗതുക കാഴ്ചയായിരുന്നു. . എസ്റ്റേറ്റ് റോഡുകളിലൂടെ കുതിരവണ്ടിയിലും കാറിലും സഞ്ചരിക്കുന്ന സായിപ്പും മദാമ്മയും പഴമക്കാരുടെ ഓർമയിൽ ഇന്നുമുണ്ട്. തേയില ഫാക്ടറി പ്രവർത്തിച്ചിരുന്ന അപൂർവം തോട്ടങ്ങളിലൊന്നായിരുന്നു ഇത്. ഇംഗ്ലണ്ടിൽ നിന്ന് കപ്പലിൽ ഇറക്കുമതി ചെയ്ത നിർമ്മാണ സാമഗ്രികൾ ഉപ യോഗിച്ച് പണികഴിപ്പിച്ച തേയില ഫാക്ടറി പിൽക്കാലത്ത് പൊളിച്ച് മാറ്റി. മലയാളികളായ എസ്റ്റേറ്റ് മാനേജർമാരാണ് ബംഗ്ലാവുകളിൽ ഇപ്പോൾ താമസിക്കുന്നത്.