
തണ്ണിത്തോട്: റബറിന് വിലയിടിഞ്ഞപ്പോൾ മറ്റ് കൃഷികളിലേക്ക് തിരിയുകയാണ് പ്ളാന്റേഷൻ കോർപ്പറേഷൻ.
റബറിനെ മാത്രം ആശ്രയിച്ചായിരുന്നു കോർപ്പറേഷന്റെ വരുമാനം. വിലയിടിഞ്ഞതോടെ ഇൗ രംഗത്ത് മാത്രം തുടരാനാവാത്ത സ്ഥിതിയാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ തോട്ടത്തിലെ തരിശു കിടക്കുന്ന ഭൂമിയിൽ മറ്റ് കൃഷികൾ ആരംഭിക്കാനാണ് തീരുമാനം. കറുവപ്പട്ട, മികച്ചയിനം തെങ്ങുകൾ , മംഗള ഇനം കമുകിൻ തൈകൾ , മലേഷ്യൻ റംബുട്ടാൻ, വിയറ്റ്‌നാം സൂപ്പർ ഏർലി പ്ലാവുകൾ, പാഷൻഫ്രൂട്ട്, എന്നിവ നട്ടുതുടങ്ങി. കല്ലാറിന്റെ തീരത്തോട് ചേർന്ന സ്ഥലത്തു രണ്ടു ഹെക്ടറിൽ കറുവപ്പട്ടത്തൈകളും, മംഗള കമുകിൻ തൈകളും തെങ്ങിൻതൈകളും വച്ചുപിടിപ്പിക്കുന്നു. ഒരു ഹെക്ടർ തരിശുനിലത്ത് പാഷൻ ഫ്രൂട്ട് തൈകളും നടുന്നു . ചീമേനി എസ്റ്റേറ്റിലെ നാടുകാണിയിൽ നിന്നാണ് കറുവത്തൈകൾ എത്തിച്ചത്. എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് നാലു വർഷം മുമ്പ് 500 കറുവത്തൈകൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടിരുന്നു. രണ്ടു വർഷം മുമ്പ് ഓഫീസ് പരിസരത്തു നട്ട വിയറ്റ്‌നാം പ്‌ളാവുകൾ കായ്ച്ചുതുടങ്ങി. മൂന്ന് മീറ്റർ ഉയരത്തിൽ വളർന്ന ഇവയുടെ തായ്ത്തടിയിലും, ചില്ലകളിലും ചക്കകളുണ്ട് . ഇവയുടെ വിത്ത് കിളിർപ്പിച്ചു ഇവയിൽനിന്ന് മികച്ച തൈകൾ ബഡ് ചെയ്ത് ഉത്പാദിപ്പിക്കാൻ പദ്ധതിയുണ്ട്. ഇവ കൂടുതൽ സ്ഥലങ്ങളിൽ കൃഷിചെയ്യും. നല്ല മധുരവും സ്വാദുമാണ് ചക്കയ്ക്ക്. പുതുതായി 2500 കറുവപ്പട്ടതൈകളാണ് നടുന്നത്. കറുവ തൈകൾ 30 രൂപ നിരക്കിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ടന്ന് എസ്റ്റേറ്റ് മാനേജർ ജോൺ തോമസ് അറിയിച്ചു.