coconut-tree
പെരുമ്പറപ്പടി - പുതുവനപ്പടി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങ്

തിരുവല്ല: ഇടുങ്ങിയ റോഡിന്റെ വളവിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന തെങ്ങ് മുറിച്ചു മാറ്റണമെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തി.പെരിങ്ങര പഞ്ചായത്ത് 11-ാം വാർഡിൽ പെരുമ്പറപ്പടി - പുതുവനപ്പടി റോഡിലാണ് യാത്രാതടസം സൃഷ്ടിച്ച് സ്വകാര്യവ്യക്തിയുടെ തെങ്ങ് റോഡിലേക്ക് ചാഞ്ഞു നിൽക്കുന്നത്. ഈ റോഡിന്റെ 70 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യാനായി പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ടുലക്ഷം രൂപ രണ്ട് മാസം മുമ്പ് അനുവദിച്ചിരുന്നു. നിർമ്മാണത്തിന്റെ കരാർ നടപടികളും പൂർത്തിയായി. എന്നാൽ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന തെങ്ങ് കാരണം റോഡ് നിർമ്മാണത്തിനുള്ള സാധന സാമഗ്രികൾ വാഹനത്തിലെത്തിക്കാൻ കരാറുകാരന് കഴിയുന്നില്ല. ഇതുമൂലം റോഡ് നിർമ്മാണവും മുടങ്ങി. റോഡ് വികസനത്തിനടക്കം തടസമായി നിൽക്കുന്ന തെങ്ങ് മുറിച്ചുനീക്കണമെന്ന് ഭൂവുടമയോട് പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചിട്ടും തെങ്ങ് വെട്ടിമാറ്റാൻ ഭൂവുടമ തയാറായില്ല. ഇതേത്തുടർന്നാണ് യാത്രാമാർഗവും വികസനവും തടസപ്പെടുത്തുന്ന തെങ്ങ് വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സബ് കളക്ടർക്ക് പരാതി നൽകിയത്.