തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് കൊവിഡ് കാലത്തെ വരുമാന വർദ്ധനയ്ക്കായി 33 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കമായി. 54 ക്ഷീര കർഷകർക്ക് ഈ ആനുകൂല്യം ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിലെ പ്ലാൻ പദ്ധതിയിൽപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. നിരണം,കടപ്ര,നെടുമ്പ്രം,പെരിങ്ങര,കുറ്റൂർ പഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങൾ വഴിയും അല്ലാതെയും ലഭിക്കുന്ന അപേക്ഷകളിൽ നിന്നും കണ്ടെത്തുന്ന ക്ഷീര കർഷകർക്ക് ധനകാര്യ സ്ഥാപനത്തിന്റെ കൂടി സഹകരണത്തോടെയാണ് സഹായം നൽകുക.ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 30,000രൂപ ഒരു പശുവിന് സബ്‌സിഡി നൽകുമെന്ന് ഡയറി എക്സ്റ്റൻഷൻ ഓഫീസർ വി.എൻ.പ്രിയ അറിയിച്ചു. മേപ്രാലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനി മോൾ ജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ, മുൻ ബ്ലോക്ക് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ,അഡ്വ.സതീഷ് ചാത്തങ്കരി,അനിൽ മേരി ചെറിയാൻ,വൈസ് പ്രസിഡന്റ് സൂസമ്മ പൗലോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനിൽകുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോശാമ്മ മജു,മെമ്പർ അഡ്വ.എം.ബി.നൈനാൻ,പഞ്ചായത്ത് അംഗം റേച്ചൽ തോമസ്, ക്ഷീരസംഘം പ്രസിഡന്റ് മാത്യു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.