 
ചെങ്ങന്നൂർ: വികസിത രാജ്യങ്ങളിലെ തൊഴിൽ നൈപുണ്യ പരിശീലന സ്ഥാപനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ, സംസ്ഥാനത്തെ ഐ.ടി.ഐ കളിലെ അടിസ്ഥാന, പരിശീലന സൗകര്യങ്ങൾ ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. 20 കോടി രൂപ ചിലവഴിച്ച് ചെങ്ങന്നൂർ ഗവ.ഐ.ടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളോടു കൂടിയ 17 ഐടി.ഐ കളാണ് ആരംഭിച്ചത്.അഞ്ച് എണ്ണം കൂടി ഉടൻ പ്രവർത്തനം ആരംഭിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ഐ.ടിഐ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. ഗവ.ഐ.ടിഐ അങ്കണത്തിൽ നടന്ന യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി.ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ,ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, വൈസ് പ്രസിഡന്റ് ജി വിവേക് തുടങ്ങിയവർ സംസാരിച്ചു.