പത്തനംതിട്ട: സസ്പെൻഷനിലായ സർക്കാർ ഉദ്യോഗസ്ഥനെതിരെ കുറ്റപത്രം ഇല്ലെങ്കിൽ 90 ദിവസത്തിനകം തിരിച്ചെടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. ഇതിന് വിരുദ്ധമായി ജില്ലയിലെ 21 വനപാലകർ സസ്പെൻഷനിൽ കഴിയുന്നു. ഇവർക്കൊപ്പം സസ്പെൻഷനിൽ കഴിഞ്ഞിരുന്ന ഗുരുനാഥൻമണ്ണ് ഡെപ്യൂട്ടി റേഞ്ച് ഒാഫീസറെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തപ്പോൾ മറ്റുള്ളവരെ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്.

ജോലിയിൽ ഇല്ലാത്ത സസ്പെൻഷനിലായവർക്ക് പ്രതിമാസം ആറ് ലക്ഷത്തോളം രൂപയാണ് സർക്കാർ ശമ്പളമായി നൽകുന്നത്. ഗസറ്റഡ് റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി റേഞ്ച് ഒാഫീസർമാരും സെക്ഷൻ ഫോറസ്റ്റ് ഒാഫീസർമാരും ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരും സസ്പെൻഷനിൽ കഴിയുന്നുണ്ട്. കോന്നി, റാന്നി ഡിവിഷനിലെ ഉദ്യോഗസ്ഥരാണിവർ.

അടിസ്ഥാന ശമ്പളത്തിന്റെ 65ശതമാനവും 20ശതമാനം ഡി.എയും ചേരുന്നതാണ് സസ്പെൻഷൻ കാലയളവിൽ ലഭിക്കുന്ന ശമ്പളം.
കോന്നിയിൽ നടന്ന വനംകൊള്ളയിലും മറ്റു കേസുകളിലും കുറ്റകൃത്യം യഥാസമയം കണ്ടെത്തി പ്രതികളെ പിടികൂടിയില്ല എന്ന് ആരോപിച്ചാണ് ഇവരിൽ ഭൂരിഭാഗം പേരെയും സർവ്വീസിൽ നിന്ന് മാറ്റിനിറുത്തിയിട്ടുള്ളത്.
സസ്പെൻഷനിലുള്ള ജീവനക്കാരുടെ വീഴ്ചകൾ പരിശോധിച്ച് തിരിച്ചെടുക്കാനുള്ള നടപടി ആയിട്ടില്ല. സസ്പെൻഷനിലായവരെ തിരിച്ചെടുക്കാത്തത് വനംവകുപ്പിലെ ഭരണവിഭാഗത്തിന്റെ നിഷ്ക്രിയത്വം കാരണമാണെന്ന് വനപാലകരുടെ സംഘടനകൾ ആരോപിക്കുന്നു. വനംകൊള്ള കേസിൽ തെളിവ് ശേഖരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയ വനപാലകരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് സസ്പെൻഷൻ എന്ന് ആക്ഷേപമുണ്ട്.