കോട്ടാങ്ങൽ : കോട്ടാങ്ങൽ പഞ്ചായത്തിലെ 7ാം വാർഡിൽ ഉൾപ്പെട്ട പുല്ലാന്നിപ്പാറ കൊല്ലാറപടി, എള്ളിടുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷം. ഈ ഭാഗത്ത് താമസിക്കുന്ന അൻപതോളം കുടുംബങ്ങൾ ശുദ്ധജലം ലഭിക്കാൻ ആറ്റിൽ നിന്നും കൊണ്ടുവരികയോ അല്ലെങ്കിൽ വാഹനത്തിൽ മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരികയോ ആണ് ചെയ്യുന്നത്. മലമ്പാറ വാട്ടർ സപ്ലെ സ്‌കീം കമ്മീഷൻ ചെയ്തപ്പോൾ കൊല്ലാറപടി വരെ ശുദ്ധജലം ലഭിച്ചിരുന്നു. ഇടയ്ക്ക് പൈപ്പുകൾ പൊട്ടിയതിനാൽ കോട്ടാങ്ങൽ കത്തോലിക്കപ്പള്ളി പടിക്ക് മുകളിലേക്ക് വെള്ളം കയറുന്നില്ല. രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന പ്രൊഫ.പി.ജെ.കുര്യന്റെ വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ പൈപ്പു മാറിയിടാൻ അനുവദിക്കുകയും ഇതുപ്രകാരം കാരിത്തറ പടി വരെ വെള്ളം ലഭിച്ചിരുന്നു.

പുല്ലാന്നിപ്പാറയ്ക്ക് മുകളിലോട്ട് ശുദ്ധജലമില്ല

ഇപ്പോൾ അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ പദ്ധതിയുടെ പണിതീർന്നെങ്കിലും പുല്ലാന്നിപ്പാറയ്ക്ക് മുകളിലോട്ട് ശുദ്ധജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുല്ലാന്നിപ്പാറ വരെയുള്ള വർക്ക് ഇപ്പോൾ വെള്ളം ലഭിക്കുന്ന ലൈനിൽ രണ്ടുപ്ലാക്കൽ പടിയിൽ നിന്നും കടൂർക്കടവ് ഭാഗത്തേക്ക് കുത്തനെയാണ് ലൈൻ വലിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവിൽ കടൂർക്കടവ് വരെയാണ് ലൈൻ ഉള്ളത്. രണ്ടുപ്ലാക്കൽ പടിയിൽ നിന്നും വലിക്കാനുദ്ദേശിക്കുന്ന പദ്ധതി കടൂർക്കടവിൽ നിന്നും 100 മീറ്ററിൽ താഴെ മാത്രം ദൂരം മുകളിലോട്ട് വലിച്ച് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

-50 കുടുംബങ്ങൾക്ക് കുടിവെള്ളമില്ല