പത്തനംതിട്ട: കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗവും ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ വി.പി. ഏബ്രഹാം ജോസഫ് വിഭാഗത്തിൽ ചേർന്നു. തന്നോടൊപ്പം ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ളവർ ജോസ് വിഭാഗത്തിൽ നിന്നു രാജിവച്ചതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.എൻ. ദീപ, മുൻ ബ്ലോക്ക് മെമ്പർ മോളി മാത്യു, മുൻ പഞ്ചായത്തംഗം സുനി ജോസഫ് തുടങ്ങിയവർ ജോസഫ് വിഭാഗത്തിൽ ചേരാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനെ സന്ദർശിച്ച് അംഗത്വം സ്വീകരിച്ചതായും ഏബ്രഹാം പറഞ്ഞു. ജോസ് വിഭാഗം എൽഡിഎഫിൽ ചേരാൻ തീരുമാനിച്ചതിലുള്ള പ്രതിഷേധമായാണ് രാജി.
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം എൻ. ബാബു വർഗീസ്, നിയോജകമണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.