29-radio-drama

പത്തനംതിട്ട: പഠനം ഒാൺലൈനിലായപ്പോൾ കുട്ടികളെ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ നാടകത്തെ മാദ്ധ്യമമാക്കുകയാണ് അദ്ധ്യാപകനും നാടക പ്രവർത്തകനുമായ മനോജ് സുനി ഒപ്പം കുടുംബവുമുണ്ട്. പഴയ റേഡിയോ നാടകക്കാലത്തെ ഒാർമ്മിപ്പിക്കുന്നുണ്ട് അവതരണം. നാടകത്തിലൂടെ പാഠഭാഗങ്ങൾ അനുഭവമാക്കി മാറുന്നുണ്ടെന്ന് കുട്ടികൾ പറയുന്നു. മനോജ് സുനിയുടെ വിശകലന ശബ്ദ നാടക സീരീസ് ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപകനായ മനോജ് സുനി ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങൾക്കാണ് നാടകീയാഖ്യാനം കൊടുത്തത്. അഞ്ച് ശബ്ദ നാടകങ്ങൾ മഴവില്ല് എന്ന യു ട്യൂബ് ചാനലിലൂടെ അവതരിപ്പിച്ചു. കഥകൾ, കവിതകൾ, നോവൽ ഭാഗങ്ങൾ എന്നിവയക്ക് പുറമെ ലേഖനത്തിനും ശബ്ദ നാടക രൂപാന്തരം തയ്യാറാക്കി. കൈപ്പട്ടൂരിലുള്ള വീട്ടിലെ റെക്കോർഡിങ്ങ് സ്റ്റുഡിയോയിലാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. മക്കളായ ഗൗരി നന്ദനയും ദേവി നന്ദനയുമാണ് ഒപ്പം ശബ്ദം നൽകുന്നത്. കോന്നി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ ജ്യോതി ലക്ഷ്മിയാണ് എഡിറ്റിങ്ങ് നിർവഹിക്കുന്നത്. ക്ലാസ് റൂം തിയേറ്റർ എന്ന നാടക സമ്പ്രദായത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ആദ്യമായി അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനാണ് മനോജ് സുനി.