29-revenue
പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പമ്പാനദി പുറമ്പോക്ക് കയ്യേറിയ ഭാഗത്ത് റവന്യു വകുപ്പ് സർക്കാർ പുറമ്പോക്ക് ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നു.

ചെങ്ങന്നൂർ: സ്വകാര്യ വ്യക്തികൾ കൈയേറിയ പമ്പാനദിയുടെ പുറംമ്പോക്ക് ഭൂമി ഒഴിപ്പിക്കാൻ നടപടിയായി. ആലപ്പുഴ കളക്ട്രേറ്റിൽ ജനുവരിയിൽ നടന്ന റിവിഷൻ പെറ്റീഷൻ മേൽ ഹിയറിംഗ് നടത്തിയതിലാണ് കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവായത്.കഴിഞ്ഞ ദിവസം പാണ്ടനാട് വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യു സംഘം സ്ഥലത്തെത്തി കൈയേറ്റം അളന്ന് തിട്ടപ്പെടുത്തുകയും സർക്കാർ പുറമ്പോക്ക് ഭൂമി എന്ന ബോർഡും ഇവിടെ സ്ഥാപിച്ചു. പാണ്ടനാട് വില്ലേജ് ഒന്നാം വാർഡ് കോട്ടയം മുറിയിൽ റീസർവേ 637ൽ പെട്ട 1.21 ആർ പുറമ്പോക്ക് ഭൂമിയും,ബ്ലോക്ക് 5ൽ റീസർവേ 637ൽ പെട്ട 02.18 ആർ പമ്പാതീരവും കുളിക്കടവിലേക്കുള്ള പൊതു നടവഴിയും തടസപ്പെടുത്തി സമീപവാസികൈയേറ്റം നടത്തിയതിനാൽ സ്ഥലവാസിയായ പാണ്ടനാട് നോർത്ത് തറയിൽ വീട്ടിൽ കമലാസനൻ, തൈലേത്ത് വാസുദേവൻ പിള്ള എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
2017 മുതൽ തുടങ്ങിയ കൈയേറ്റം സംബന്ധിച്ച നിയമയുദ്ധത്തിൽ നിരവധി തവണ കൈയേറ്റം ഒഴിയാൻ റവന്യു ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടും കൈയേറ്റക്കാർ കളക്ടർക്ക് റിവ്യു ഹർജി നൽകി ആർ.ഡിഒയുടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ജനുവരി 17ന് ഇതുസംബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന റിവിഷൻ പെറ്റീഷൻ മേൽ ഹിയറിംഗ് നടത്തിയതിലാണ് കൈയറ്റം ഒഴിപ്പിക്കാൻ ഉത്തരവായത്.

കൈയേറ്റഭൂമിയിൽ ബോർഡ് സ്ഥാപിച്ചു

പമ്പാതീരത്ത് പി.ഡബ്ല്യുഡിയുടെ സംരക്ഷണ ഭിത്തിയുടെ മുകളിൽ സമീപവാസി ഒന്നര മീറ്റർ ഉയരത്തിൽ മണ്ണടിച്ച് ഉയർത്തി 36 മീറ്റർ നീളത്തിലും, അഞ്ച് മീറ്റർ വീതിയിലും ഭൂമി കൈയേറ്റം നടത്തി.അശാസ്ത്രീയമായ രീതിയിൽ നദീതീരത്ത് കൽപടവുകളും കെട്ടി. പ്രസ്തുത സ്ഥലത്ത് കൃഷിയും മറ്റും ചെയ്ത് വരികയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ജൂണിൽ റവന്യു സംഘം കൈയേറ്റം ഒഴിപ്പിക്കാൻ എത്തിയെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാൽ റവന്യു വകുപ്പ് മറ്റ് വഴികൾ തേടുകയായിരുന്നു.അനധികൃതമായി നിർമ്മിച്ച കൽപ്പടവ് പൊളിച്ച് കൈയേറ്റം ഒഴിപ്പിക്കാൻ പമ്പാ ഇറിഗേഷന്റെ അനുവാദം കൂടി ആവശ്യമാണെന്നും ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ അനുമതിക്കുവേണ്ടി കത്തയച്ചിട്ടുണ്ടെന്നും ഭൂരേഖാ റവന്യൂ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് കാലതാമസം വരുന്നതിനാലാണ് തല്ക്കാലം കൈയേറ്റഭൂമിയിൽ ബോർഡ് സ്ഥാപിച്ചത്. തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് റവന്യു സംഘം പറഞ്ഞു.