 
തിരുവല്ല: നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ പരിപാടികൾ ചിത്രീകരിച്ചതിന്റെ തുക ആവശ്യപ്പെട്ട് ഫോട്ടോഗ്രാഫറും കുടുംബവും മുൻനഗരസഭാ ചെയർമാന്റെ വീടിന് മുമ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. തിരുവല്ല നഗരസഭ മുൻചെയർമാനും കൗൺസിലറുമായ ചെറിയാൻ പോളച്ചിറയ്ക്കലിന്റെ വീടിന് മുന്നിലാണ് ഫോട്ടോ,വീഡിയോഗ്രാഫറും തിരുവല്ല സ്വദേശിയുമായ സജിൻരാജും കുടുംബവും ഇന്നലെ രാവിലെ മുതൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മാർച്ചിൽ നടന്ന നഗരസഭയുടെ പത്ത് ദിവസത്തെ ശതാബ്ദി ആഘോഷവേളയിൽ ഹെലിക്യാം അടക്കം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് അന്നത്തെ ചെയർമാനും ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനുമായ ചെറിയാൻ പോളച്ചിറയ്ക്കലുമായി 1,86,600 രൂപയുടെ കരാറുണ്ടായിരുന്നെന്ന് സജിൻരാജ് പറഞ്ഞു. ഇതിൽ 65000 രൂപ പല ഗഡുക്കളായി നൽകിയെങ്കിലും ബാക്കിതുക മാസങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം. ശതാബ്ദി ആഘോഷങ്ങളുടെ കണക്ക് നഗരസഭാ കൗൺസിലിൽ ചെറിയാൻ പോളച്ചിറയ്ക്കൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും അതിനാൽ ശതാബ്ദിയുടെ ഭാഗമായ ബാദ്ധ്യതകൾ തീർക്കാൻ നഗരസഭയ്ക്ക് കഴിയില്ലെന്നും നഗരസഭാ ചെയർമാൻ ആർ.ജയകുമാർ പറഞ്ഞു. കേരളാ കോൺഗ്രസ് മാണി വിഭാഗം കൗൺസിലറായ ചെറിയാൻ പോളച്ചിറയ്ക്കൽ രണ്ടാഴ്ച മുമ്പ് ജോസ് കെ മാണി പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് എൽ.ഡി.എഫിലെത്തിയിരുന്നു. തന്റെ വീടിന് മുമ്പിൽ നടക്കുന്ന കുത്തിയിരിപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ശതാബ്ദിയുടെ വരവ് ചിലവ് കണക്കുകൾ അടുത്ത ദിവസം അവതരിപ്പിക്കുമെന്നും ചെറിയാൻ പോളച്ചിറയ്ക്കൽ പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴയും സംഘവും സ്ഥലത്തെത്തി സജിനും കുടുംബത്തിനും പിന്തുണ നൽകി.