 
തിരുവല്ല: തിരക്കേറിയ രണ്ട് സംസ്ഥാന പാതകൾ സംഗമിക്കുന്ന പൊടിയാടി ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. തിരുവല്ല - മാവേലിക്കർ, അമ്പലപ്പുഴ - തിരുവല്ല പാതകളാണ് പൊടിയാടി ജംഗ്‌ഷനിൽ സംഗമിക്കുന്നത്. തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന പൊടിയാടി ജംഗ്‌ഷനിൽ അപകടങ്ങളും പതിവാണ്. ഗതാഗതത്തിരക്കിനൊപ്പം വളവും തിരിവുമുള്ള ജംഗ്‌ഷനിൽ തോന്നുംപോലെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ അമ്പലപ്പുഴ റോഡിലേക്ക് അലക്ഷ്യമായി കടക്കുന്നത് വലിയ തരത്തിലുള്ള അപകട ഭീഷണിയാണ് ഉയർത്തുന്നത്.അമ്പലപ്പുഴ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ മാവേലിക്കര റോഡിൽ നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. അമ്പലപ്പുഴ പാതയിൽ നിന്ന് തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും സമാനമായ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം പത്തോളം അപകടങ്ങൾ ഇവിടെ സംഭവിച്ചതായി നാട്ടുകാർ പറയുന്നു. മൂന്ന് റോഡുകളിലൂടെ കടന്നു വരുന്ന വാഹനങ്ങൾ യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ തോന്നുംപടി കടന്നുപോകുന്നത് വലിയ തരത്തിലുള്ള ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.
കാൽനടയാത്രക്കാർക്കും വഴിയില്ല
കാൽനടയാത്രക്കാർക്ക് കടന്നുപോകാനും വഴിയില്ല. സീബ്രാ ലൈനുകളും ഇല്ലാത്തതിനാൽ റോഡുകൾ മറികടക്കാൻ വഴിയാത്രക്കാർ ഭയപ്പെടുന്നു. അടുത്തകാലത്ത് നവീകരിച്ച പൊടിയാടി -അമ്പലപ്പുഴ റോഡിൽ ഇരുവശങ്ങളിലും ഉണ്ടാക്കിയ നടപ്പാതയും വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ഇതുകാരണം വഴിയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്.
പൊടിയാടി ജംഗ്ഷനിൽ നിലനിൽക്കുന്ന അപകട ഭീഷണി ഒഴിവാക്കുന്നതിനായി സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ ഉൾപ്പെടയുള്ളവർക്ക് നിവേദനം നൽകി.
കെ.ജി സുനിൽകുമാർ
(നെടുമ്പ്രം പഞ്ചായത്ത്
പ്രസിഡന്റ്)
-ആറ് മാസത്തിനിടെ 10 അപകടങ്ങൾ