photo
ഡാനിക്കുട്ടി ഡേവിഡ്..

കോന്നി : സ്മാഷുകളുടെ രാജകുമാരൻ എന്ന വിശേഷണത്തിന് ഉടമയായ മുൻ ദേശീയ വോളിബാൾ താരം ഡാനിക്കുട്ടി ഡേവിഡിന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു. പൂങ്കാവ് ചന്തമൈതാനിയിൽ 12 ലക്ഷം രൂപ ചെലവിൽ പ്രമാടം ഗ്രാമപഞ്ചായത്താണ് ഡാനിക്കുട്ടിയുടെ സ്മരണയ്ക്കായി ഓപ്പൺ സ്റ്റേജ് പണിയുന്നത്.

മല്ലശേരി നെടിയവിളയിൽ പരേതനായ മാമൻ ഡേവിഡിന്റെയും അന്നമ്മയുടെയും മകനായ ഡാനിക്കുട്ടി നിരവധി ദേശീയ , അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 15 ന് ആണ് അദ്ദേഹം അന്തരിച്ചത്.

11 ദേശീയ മത്സരങ്ങൾ

ചെറിയ പ്രായം മുതൽ വോളിബാളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 1981 ൽ കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റനായി. 1982 ൽ ഏഷ്യൻ ഗെയിംസ് വോളിബാൾ ടീമിലെ അംഗമായി. 11 ദേശീയ മത്സരങ്ങളിലും നിരവധി സംസ്ഥാന മത്സരങ്ങളിലും കളിച്ചു. സ്വന്തം നാട്ടിൽ നിന്ന് വോളിബാൾ പ്രതിഭകളെ കണ്ടെത്താൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ വലുതാണ്.

മെഡലുകളും ബഹുമതികളും

1981- 82 ൽ ആന്ധ്ര വാവങ്കൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വോളിബാൾ ടൂർണ്ണമെന്റിൽ അദ്ദേഹം ക്യാപ്റ്റനായ കേരള യൂണിവേഴ്സിറ്റി ടീം ചാമ്പ്യൻഷിപ്പ് നേടി. 1981- 82 ൽ ഹരീദാബാദ് മുതൽ 93 ൽ കൽക്കത്ത വരെ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. 85 - 86 ൽ ഡൽഹിയിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായിരുന്നു. ആ മത്സരത്തിൽ വെങ്കലം നേടി. 85 ൽ തന്നെ ഡൽഹിയിൽ നടന്ന നാഷണൽ ഗയിംസിൽ ഗോൾഡ് മെഡൽ നേടി. ഇൻഡോറിലും മുംബൈയിലും നടന്ന നാഷണൽ ഗെയിംസിലും വെള്ളി മെഡൽ നേടി. 1982 ൽ ഏഷ്യാഡിന് മുന്നോടിയായി നടന്ന ട്രയൽ മത്സരത്തിൽ സൗത്ത് ഇന്ത്യയെ പ്രതിനിധീകരിച്ചു.1993 ൽ ഫൈസാബാദിൽ നടന്ന വോളിബോൾ ടൂർമെന്റിൽ ടൈറ്റാനിയം ടീമിന് വേണ്ടി കുപ്പായമണിഞ്ഞു.

ഡാനിക്കുട്ടി ഡേവിഡ് കളിച്ചു വളർന്ന സ്ഥലമാണ് പൂങ്കാവ് ചന്തമൈതാനം. അതേ സ്ഥലത്ത് തന്നെയാണ് ആദ്ദേഹത്തിന് സ്മാരകവും നിർമ്മിക്കുന്നത്. വോളിബോൾ കായിക രംഗത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത പ്രതിഭയാണ് അദ്ദേഹം. കായിക പ്രേമികളുടെ കൂടി അഭ്യർത്ഥന മാനിച്ചാണ് 12 ലക്ഷം രൂപ ചെലവിൽ സ്മാരകമായി ഓപ്പൺ സ്റ്റേജ് നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

റോബിൻ പീറ്റർ

(പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)