പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽക്കൂടി പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. 56 ലക്ഷം രൂപയുടെ തട്ടിപ്പുകേസാണിത്. പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ (റോയി), ഡയറക്ടർ പ്രഭാ തോമസ്, സി.ഇ.ഒ റീനു, ഡയറക്ടർമാരായ റേബ, റിയ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഈ കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ട്.
പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിചാരണക്കോടതിയുടെ പരിഗണനയ്ക്കായി ഇന്നലെ വിട്ടിരുന്നു. ആലപ്പുഴയിൽ സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ പരിഗണനയിലാണ് പോപ്പുലർ തട്ടിപ്പുകേസ്. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം ഉന്നയിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തിയത്.
എന്നാൽ കുറ്റപത്രം വൈകിയതിൽ പിഴവില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന് രാജ്യാന്തര ബന്ധങ്ങളുള്ളതാണ്. പരമാവധി തെളിവുകൾ ശേഖരിച്ചു മാത്രമേ കുറ്റപത്രം നൽകാനാകു. തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ഒാരോന്നിലും എഫ്.ഐ.ആർ തയാറാക്കണമെന്ന ഹൈക്കോടതിയുടെ നിർദേശപ്രകാരം സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.