sabari

പത്തനംതിട്ട : ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സഹായം നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനു മുന്നോടിയായുള്ള ഓൺലൈൻ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
വകുപ്പ്തല പ്രവർത്തനങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണ്. ദർശനത്തിനെത്തുന്നവർ 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. അതിനായി ആന്റിജൻ ടെസ്റ്റ് നടത്തിയാൽ മതിയാകും. കൂടുതൽ കൊവിഡ് പരിശോധന കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ എവിടെയാണോ ട്രെയിൻ ഇറങ്ങുന്നത് അതിന് അടുത്തുള്ള പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തണം. നേരത്തെ 48 മണിക്കൂറിനകം ലഭിച്ച പരിശോധനാ ഫലം മതിയായിരുന്നു. കോടതി നിർദേശത്തിന്റെയും, കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെയും ഭാഗമായാണ് 24 മണിക്കൂറിനകമുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയത്. പ്രതിദിനം ആയിരം തീർത്ഥാടകർക്കാണ് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനം അനുവദിക്കുക. മണ്ഡലകാലത്തിന്റെ അവസാന ദിവസവും മകരവിളക്കിനും ദർശനത്തിന് 5000 പേരെ അനുവദിക്കും. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിലയ്ക്കലിൽ സാമൂഹികാ അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കാനുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രി പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പി, പി.സി.ജോർജ് എം.എൽ.എ, ജനീഷ് കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ജില്ലാ കളക്ടർ പി.ബി.നൂഹ് എന്നി​വർ പങ്കെടുത്തു.