പത്തനംതിട്ട: കോടിക്കണക്കിന് രൂപ തട്ടിച്ച പോപ്പുലർ ഉടമകളെ സഹായിക്കാൻ പൊലീസ് ബോധപൂർവം ശ്രമിക്കുന്നതായി സംശയിക്കേണ്ടി ഇരിക്കുന്നെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശേരി ആരോപിച്ചു. തട്ടിപ്പുനടത്തിയ ഉടമകൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ പൊലീസ് അവസരമൊരുക്കുകയാണ്. നേരത്തെ ഹൈക്കോടതി നൽകിയ നിർദേശവും പൊലീസ് പാലിച്ചിട്ടില്ല. നിക്ഷേപകരുടെ പരാതിയിൽ കോന്നി കേന്ദ്രീകരിച്ച് ഒരു എഫ്‌.ഐ.ആർ മതിയെന്ന് പൊലീസ് നിലപാട് തിരുത്തി. അതാത് പൊലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിച്ച് വ്യത്യസ്ഥ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ നടപടി ഉണ്ടാവാത്തത് ദുരൂഹത വർദ്ധിപ്പിക്കാനും പണം നഷ്ടപെട്ട നിഷേപകരിൽ ആശങ്ക വളർത്താനുമേ ഉപകരിക്കു. ഇന്ന് ഹൈക്കോടതി പരിഗണിച്ച ജാമ്യാപേക്ഷയിലെ പരാമർശങ്ങളും നടപടികളും കൂടി കണക്കിലെടുത്ത് അന്വേഷണം കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കാൻ നടപടി സ്വീകരിക്കണമെന്നും പുതുശേരി ആവശ്യപ്പെട്ടു.