
പത്തനംതിട്ട : ചെന്നീർക്കര ഐ.ടി.ഐയെ ഹരിത കാമ്പസായി മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 11 ഐ.ടി.ഐകളെയാണ് ഹരിത കാമ്പസുകളായി ഓൺലൈനിലൂടെ മന്ത്രി പ്രഖ്യാപിച്ചത്.
ഹരിത കാമ്പസ് ജില്ലാതല പ്രഖ്യാപനം വീണാ ജോർജ് എം.എൽ.എ നടത്തി.
ഹരിതകേരളം മിഷന്റെ കൃഷി, ജലസംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ മേഖലകളിൽ മികവ് പുലർത്തി ഹരിത കാമ്പസായി മാറിയിരിക്കുകയാണ് ചെന്നീർക്കര ഐ.ടി.ഐ. ജില്ലയിൽ ഹരിത കാമ്പസായി പ്രഖ്യാപിക്കുന്ന നാലാമത്തെ ഐ.ടി.ഐ ആണ് ചെന്നീർക്കര. ജില്ലയിൽ ശുചിത്വ പദവി ആർജിച്ച നിരവധി പഞ്ചായത്തുകളുണ്ട്. സംസ്ഥാനത്തെ ഗ്രാമങ്ങൾ ഹരിതഗ്രാമങ്ങളായി മാറുകയാണ്. ജൈവ, അജൈവ മാലിന്യങ്ങളെ വേർതിരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവന്നത്. വികസനങ്ങൾ സുസ്ഥിരമായിരിക്കണമെന്നും അരത്തിലുള്ള ഒരു സുസ്ഥിര വികസനമാണ് ഹരിത കാമ്പസ് എന്നും എം.എൽ.എ പറഞ്ഞു.
ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് അനുമോദന പത്ര സമർപ്പണം നടത്തി. ഐ.ടി.ഐ പ്രിൻസിപ്പൽ സനൽകുമാർ, ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ രാധാമണി സുധാകരൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, ഹരിത കേരളം ആർ.പി വിശ്വനാഥൻ ആചാരി, ഹരിതകേരളം മിഷൻ വൈ.പി ഷൈനി ജോസ് തുടങ്ങിയവർ പങ്കെടുത്തു.