തെങ്ങമം : കേരള യൂണിവേഴ്സിറ്റി യൂണിയന്റെ പേരിൽ വ്യാജ ഇലക്ഷൻ സർവെ. പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം കൊല്ലായ്ക്കൽ 20-ാം വാർഡിലും, ഇളംപള്ളിൽ മൂന്നാം വാർഡിലുമാണ് സർവെ എന്നു പറഞ്ഞ് പരിജിതരല്ലാത്ത യുവാക്കൾ വീടുകയറിയത്. കേരള യൂണിവേഴ്സിറ്റി യൂണിയൻ എന്ന ലെറ്റർ ഹെഡിൽ ചോദ്യാവലിയുമായാണ് വീടുകയറിയത്. ഏതു പാർട്ടി വിജയിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്,പഞ്ചായത്തു മെമ്പറുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഭരണത്തിൽ നിങ്ങൾ തൃപ്തരാണോ,എൽ.ഡി.എഫ് സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം, തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം വാർഡിൽ ആരാകണം സ്ഥാനാർത്ഥി എന്ന ചോദ്യത്തിനൊപ്പം ആ വാർഡിൽ നിന്നു ഓരോ പാർട്ടിയിലും മത്സരിക്കാൻ സാദ്ധ്യതയുള്ളവരുടെ പേരും പ്രിന്റെ ചെയ്തു നൽകിയ പെർഫോമയിൽ കണ്ടതോടെ വീട്ടുകാർക്ക് സംശയമായി. 20-ാം വാർഡിൽ ബി.ജെ പിയുടെയും മൂന്നു വാർഡിൽ കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ തീരുമാനമാകുകയും സ്ഥാനാർത്ഥികൾ വർക്കും തുടങ്ങി. വീട്ടുകാർ ചോദ്യങ്ങൾ എറിഞ്ഞതോടെ സർവെകാർ സ്ഥലം വിടുകയായിരുന്നു. ദുരൂഹത തോന്നിയ നാട്ടുകാർ അടൂർ പൊലീസിൽ അറിയിച്ചു. പൊലീസ് ഈ വാർഡുകളിലെത്തി അന്വേഷണമാരംഭിച്ചു.
--------------------
സി.പി.എം ലെ രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളുടെ വാർഡാണ് ഈ വാർഡുകൾ. സി.പി.എം ലെ സ്ഥാനാർത്ഥി തർക്കത്തിന്റെ പരിണിത ഫലമാണ് ഇത്തരത്തിലാരു സർവെ.
രതീഷ് സദാനന്ദൻ
(കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി)
--------------------
സി.പി.എം ഇങ്ങനൊരു സർവെയ്ക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. വാർഡ് പാർട്ടി കമ്മിറ്റികളാണ് വാർഡുകളിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്.
പി.ബി ഹർഷകുമാർ
(സി.പി.എം ജില്ലാ
സെക്രട്ടേറിയറ്റ് അംഗം)
-------------------