hospita

കോന്നി: താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്രവികസന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് ആരോഗ്യ മന്ത്റി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ആശുപത്രിയിൽ പുതിയ 5 നില കെട്ടിടം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. നിലവിലുള്ള കാഷ്വാലി​റ്റി കെട്ടിടത്തിന്റെ മുകളിലായാണ് 5 നില കെട്ടിടം നിർമ്മിക്കുന്നത്.ഇതോടെ കാഷ്വാലി​റ്റി കെട്ടിടം ഏഴു നിലയായി മാറും. പുതിയ കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനവും മന്ത്റി നിർവ്വഹിക്കും.
കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയർ ഹൈജിൻ ആൽബർട്ട്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു,ജില്ലാ മെഡിക്കൽ ഓഫീസർ എ.എൽ.ഷീജ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, ലീലാ രാജൻ, പി.ഗീത, ശ്യാംലാൽ, ഡോ: എം.​ടി.സിമി തുടങ്ങിയവർ പ്രസംഗിക്കും.

10 കോടി ചെലവിടും

പദ്ധതിയുടെ ഭാഗമായി പുതിയ വെന്റിലേ​റ്റർ സൗകര്യമുള്ള ഐ.സി.യു സൗകര്യം ക്രമീകരിക്കും.എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് വെന്റിലേ​റ്ററുകൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഐ.സി.യു ബെഡ്, മ​റ്റ് അനുബന്ധ സൗകര്യങ്ങൾ മുതലായവ എൽ.എച്ച്.എം ക്രമീകരിക്കും.
ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടെങ്കിലും, ലേബർ റൂം ഇല്ലാത്തതിനാൽ ഡിപ്പാർട്ട്‌മെന്റിന് പ്രവർത്തിക്കാൻ കഴിയുന്നില്ല. ഇതിന് പരിഹാരമായി പുതിയ ലേബർ റൂം നിർമ്മിക്കും.
പുതിയ ഓപ്പറേഷൻ തീയ​റ്റർ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. വൃക്കരോഗികൾക്ക് ചികിത്സയ്ക്ക് കോന്നിയിൽ സൗകര്യമില്ല.അതിനായി ഡയാലിസിസ് യൂണി​റ്റ് താലൂക്ക് ആശുപത്രിയിൽ ആരംഭിക്കും. താലൂക്ക് ആശുപത്രിയ്ക്ക് ഇതുവരെ സ്വന്തമായി ആംബുലൻസില്ല. എം.എൽ.എ ഫണ്ടിൽ നിന്ന് പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിക്ക് ആംബുലൻസ് നല്കും. എല്ലാവിധ അത്യാധുനിക സൗകര്യവുമുള്ള ആംബുലൻസ് ആണ് നല്കുക. ആംബുലൻസിന്റെ രജിസ്‌ട്രഷൻ നടപടികൾ നടന്നുവരുന്നു.