pta

പത്തനംതിട്ട : ജില്ല രൂപീകൃതമായിട്ട് ഇന്ന് 38 വർഷം തികയുന്നു. പിറന്നാൾ ദിനത്തിൽ തിരിഞ്ഞു നോക്കുമ്പോൾ കൊവിഡ് വരുത്തിയ കഷ്ടതകളുടെ ദിവസങ്ങളാണ് ഏറെയും. എങ്കിലും കോന്നി മെഡിക്കൽ കോളേജ് ആശുപത്രി തുടങ്ങാനായത് വികസനത്തിന്റെ പുതുവെളിച്ചമായി ശോഭിക്കുന്നു.

1982 നവംബർ ഒന്നിന് ജില്ല നിലവിൽ വന്നതിന് ജനങ്ങൾക്കുള്ള കടപ്പാട് മുൻ എം.എൽ.എ കെ.കെ.നായരോടാണ്. 1980ൽ മുഖ്യമന്ത്രിയാകാൻ പിന്തുണ ചോദിച്ച കരുണാകരനോട് കെ.കെ.നായർ പ്രത്യുപകരമായി ചോദിച്ചത് മന്ത്രിക്കസേരയല്ല, പത്തനംതിട്ട കേന്ദ്രീകരിച്ച് ഒരു ജില്ലയാണ്. കരുണാകരനെ മുഖ്യമന്ത്രിയാക്കിയതിന് കെ.കെ.നായർക്ക് കിട്ടിയ സമ്മാനമാണ് പത്തനംതിട്ട ജില്ല.

യൗവനത്തിൽ മഹാമാരിയോട് പൊരുതുകയാണ് ജില്ല. 2018ലെ പ്രളയത്തിൽ നിന്ന് കരകയറിപ്പോൾ മഹാമാരിയായി കൊവിഡ് എത്തി. കഴിഞ്ഞ മാർച്ച് മുതൽ എട്ടുമാസത്തോളമായി ജില്ലാ കൊവിഡിന്റെ പിടിയിലാണ്. ഇതുവരെ 15,178 പേർക്ക് രോഗം ബാധിച്ചു. 95 പേർ മരണത്തിന് കീഴടങ്ങി. മറ്റു ജില്ലകളെ അപേക്ഷിച്ച് രോഗികളുടെയും മരണത്തിന്റെയും നിരക്ക് കുറവാണെന്നത് ആശ്വാസകരം.

ആരോഗ്യ രംഗത്ത് മലയോര ജില്ലയുടെ പ്രതീക്ഷ നിറവേറ്റി കോന്നി മെഡിക്കൽ കോളേജ് ആശുപത്രി തുറന്നു. സെപ്തംബർ 14ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി നാടിന് സമർപ്പിച്ചത്. 2015ൽ അടൂർ പ്രകാശ് മന്ത്രിയായിരിക്കെ തറക്കല്ലിട്ട പദ്ധതി കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി യാഥാർത്ഥ്യമായി. 83 ഡോക്ടർമാരെ നിയമിച്ച് മുന്നൂറോളം കിടക്കകളും ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട്. 351 കോടിയുടെ രണ്ടാംഘട്ട പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

രണ്ടായിരം കോട‌ിയിലേറെ രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണം ജില്ല കേന്ദ്രീകരിച്ചായി. സംസ്ഥാനം അടുത്തിടെ കണ്ട വലിയ സാമ്പത്തിക തട്ടിപ്പ് കേസായി അതുമാറി. കോന്നി വകയാർ സ്വദേശികളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പണം നഷ്ടപ്പെട്ടവർക്ക് ഒന്നും തിരിച്ചു കിട്ടിയില്ല. കേസ് സി.ബി.എെയ്ക്ക് വിട്ടെങ്കിലും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

വനപാലകർ കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ കർഷകൻ പി.പി.മത്തായിയുടെ മരണം പ്രമാദമായ കേസായി മാറി. വനത്തിലെ കാമറ മോഷ്ടിച്ചെന്ന് പറഞ്ഞ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടപ്പനയിലെ കുടുംബവീടിനോടു ചേർന്നുള്ള കിണറ്റിൽ ജൂലയ് 28ന് മരിച്ച നിലയിൽ കണ്ടെത്തിയതാണ് വിവാദമായത്. വനപാലകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ ഷീബയും കുടുംബാംഗങ്ങളും എത്തി. കേസ് സി.ബി.എെയ്ക്ക് വിട്ടുകൊണ്ട് ഹൈക്കോടതിയും സർക്കാരും ഉത്തരവിട്ട ശേഷം ആഗസ്റ്റ് ആദ്യമാണ് മത്തായിയുടെ സംസ്കാരം നടത്തിയത്. സംഭവത്തിൽ വനപാലകരുടെ സസ്പെൻഷനും സ്ഥലം മാറ്റവും നടന്നു.

കൊവിഡ് ദുരിതം ശബരിമല ദർശനത്തെയും ബാധിച്ചു. രോഗപ്രതിരോധത്തിന്റെ ഭാഗമായി ശബരിമലയിലേക്ക് ഏഴ് മാസത്തോളം ഭക്തരെ പ്രവേശിപ്പിച്ചില്ല. ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തുലാമാസ പൂജയിലെ അഞ്ചു നാളുകളിലായി 1250 ഭക്തരെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവേശിപ്പിച്ചു. തീർത്ഥാടനകാലത്ത് ദിവസം ആയിരം ഭക്തരെ പ്രവേശിപ്പിക്കാമെന്നാണ് സർക്കാരിന്റെ അറിയിപ്പ്.