അടൂർ : പിതാവ് നടത്തുന്ന മിനറൽ വാട്ടർ പ്ളാന്റിലേക്കാവശ്യമായ ബോട്ടിലുകളുമായി വള്ളിക്കോട്ടുള്ള കമ്പനിയിലേക്ക് പോയ ബി. ടെക് വിദ്യാർത്ഥിയോട് വാഹന പരിശോധനയ്ക്കിടെ കൊടുമൺ എസ്. ഐ മോശമായി പെരുമാറി കള്ളക്കേസെടുത്തതായി പരാതി. തൃക്കടവൂർ മുരുന്തൽ ചേരിയിൽ മംഗലത്ത് വീട്ടിൽ എം. ബി. വിഷ്ണുവാണ് ഡി. ജി. പിക്കും ജില്ലാ പൊലീസ് ചീഫിനും പരാതി നൽകിയത്.. കഴിഞ്ഞ 23 ന് ചന്ദനപ്പള്ളിക്കും വള്ളിക്കോടിനുമിടയിലുള്ള കൊടുംവളവിൽ വച്ചാണ് വാഹന പരിശോധന നടത്തിയത്. മഹീന്ദ്ര മാക്സിമോ ട്രക്ക് ഒാടിക്കുന്നതിന് ബാഡ്ജ് ഇല്ലെന്ന് പറഞ്ഞാണ് പിഴ നൽകാനൊരുങ്ങിയത്.. ചെറുവാഹനം ഒാടിക്കുന്നതിന് ബാഡ്ജിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ എസ്. ഐ തട്ടിക്കയറി.. യുവാവിനേയും വാഹനവും കസ്റ്റഡിയിൽ എടുത്ത് മൂന്ന് മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ നിറുത്തി. 7500 കിലോയിൽ താഴെ ഭാരമുള്ള വാഹനങ്ങൾ ഒാടിക്കുന്നതിന് ബാഡ്ജിന്റെ ആവശ്യം ഇല്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കേയാണിതെന്ന് പരാതിയിൽ പറയുന്നു.