image

പത്തനംതിട്ട : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ നവംബർ 15 വരെ നിരോധനാജ്ഞ നീട്ടിയതായി ജില്ലാ കളക്ടർ പി.ബി.നൂഹ് ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ സ്വമേധയാ കൂട്ടംകൂടുന്നതും നിരോധിച്ചു. ജില്ലയിൽ ഇതുവരെ 15,178 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിൽ 200 മുതൽ 250 വരെ കൊവിഡ് കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യുകയും മാർച്ച് മുതൽ ഇതുവരെ 95 പേർ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരോധനാജ്ഞ നീട്ടിയത്.

പ്രതിരോധിക്കാം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനം മാസ്‌ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, ഹാൻഡ് സാനിറ്റൈസെർ ഉപയോഗിക്കുക.

വിവാഹത്തിന് 50 പേരിൽ കൂടുതലും ശവസംസ്‌കാരത്തിന് പരമാവധി 20 പേരിൽ കൂടുതലും പങ്കെടുക്കാൻ പാടില്ല.

സർക്കാർ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത ചടങ്ങുകൾ എന്നിവയ്ക്കുള്ള പരിപാടികളിൽ പരമാവധി 20 പേരെ വരെ പങ്കെടുപ്പിക്കാം. ചന്തകൾ, ബസ് സ്റ്റാൻഡ്, പൊതുഗതാഗതം, ഓഫീസുകൾ, കടകൾ, റസ്റ്ററന്റുകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷാ കേന്ദ്രങ്ങൾ, റിക്രൂട്ട്‌മെന്റ്, മറ്റ് വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ, അനുവദനീയമായ പ്രാഥമിക, ദ്വിദീയ, തൃതീയ സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ സാമൂഹിക അകലം, ബ്രേക്ക് ദ ചെയിൻ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം.
പൊതുജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തുക. ആളുകൾ കൂടുവാൻ സാധ്യതയുള്ള ചന്തകൾ, ബസ് സ്റ്റാന്റ്, മറ്റ് പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ദിവസത്തിൽ ഒരിക്കലെങ്കിലും അണുനശീകരണ പ്രവർത്തനം നടത്തണം. നിയമ നിർവഹണ ഏജൻസികൾക്കും അവശ്യ സർവീസുകൾക്കും ഉത്തരവ് ബാധകമല്ല.

ജില്ലയിൽ 2335 പൊസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇതിൽ 1096 പേർ വീടുകളിൽ ഐസലേഷനിലാണ്. മൂവായിരത്തോളം സാമ്പിളുകൾ ദിനം പ്രതി ജില്ലയിൽ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇതുവരെ 1,72,685 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തിട്ടുള്ളത്.

നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.

പി.ബി.നൂഹ്

ജില്ലാ കളക്ടർ