
പത്തനംതിട്ട : ആർദ്രം മിഷന്റെ ഭാഗമായി അടൂർ മണ്ഡലത്തിലെ ആറ് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി ഉയർത്തുന്നതിന് ഉത്തരവായതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. അടൂർ മണ്ഡലത്തിൽ പള്ളിക്കൽ, മങ്ങാരം, ഏഴംകുളം, കൊടുമൺ, വയല, തുവയൂർ സൗത്ത് എന്നിവിടങ്ങളിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളാണു കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുന്നത്.
ഇതോടെ ഈ കേന്ദ്രങ്ങളിൽ വെയിറ്റിംഗ് ഏരിയ, ക്ലിനിക്ക്, ഓഫീസ് മുറി, ഇമ്യൂണൈസേഷൻ റൂം, മുലയൂട്ടൽ മുറി, ഐ.യു.സി.ഡി മുറി, ശുചിമുറി എന്നിവയ്ക്കായി ഓരോ കേന്ദ്രത്തിനും ഏഴുലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളും പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വിവിധ ജനവിഭാഗങ്ങളെ കേന്ദ്രീകരിച്ചു പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.