
 ഒരുവിഭാഗം കുട്ടികൾ ഓഫ്‌ലൈനിൽ
കൊല്ലം: കൊവിഡ് വ്യാപന കാലത്ത് സ്‌കൂളുകൾ അടച്ചെങ്കിലും അദ്ധ്യയനം മുടങ്ങാതിരിക്കാൻ ക്രമീകരിച്ച ഓൺലൈൻ ക്ലാസ് മുറികളിൽ കുട്ടികളെല്ലാവരും എത്തുന്നുണ്ടോ? ക്ലാസിലിരിക്കാതെ പുറത്ത് ചാടുന്നവരുടെ എണ്ണം കൂടിയെന്നാണ് അദ്ധ്യാപകർ വിലയിരുത്തുന്നത്.
ഓൺലൈൻ ക്ലാസുകളുടെ ആദ്യനാളുകളിൽ പുതിയ അനുഭവത്തെ ആവേശത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. എന്നാൽ പിന്നീട് തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ കുട്ടികളിൽ ഒരു വിഭാഗത്തെ മടുപ്പിക്കുന്നുണ്ടെന്ന് വേണം കരുതാൻ. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ് നടത്തുന്നുണ്ട്. ക്ലാസുകൾ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ട്, ചോദ്യവും ഉത്തരവുമടങ്ങുന്ന പതിവ് ക്ലാസ് മുറി അനുഭവങ്ങളില്ലാത്തത് തുടങ്ങിയ പല കാരണങ്ങളാണ് ഇതിന് പിന്നിലെന്ന് അദ്ധ്യാപകർ പറയുന്നു.
എന്തൊക്കെ പഠിച്ചു, കഴിഞ്ഞ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി വിലയിരുത്താനും മാർഗങ്ങളില്ല. ചില ഹയർ സെക്കൻഡറി സ്‌കൂളുകൾ സ്വന്തം നിലയിൽ വീഡിയോ ക്ലാസുകൾ തയ്യാറാക്കി നൽകുന്നുണ്ടെങ്കിലും എത്ര കുട്ടികൾ ഗൗരവത്തോടെ പഠനത്തെ സമീപിക്കുന്നുണ്ടെന്ന് അദ്ധ്യാപകർക്കും മനസിലാക്കാനാകുന്നില്ല.
രക്ഷകർത്താക്കളും അദ്ധ്യാപകരും തമ്മിൽ നിരന്തര ബന്ധം പുലർത്താൻ ഈ കാലത്ത് കഴിയുന്നുണ്ടെങ്കിലും കുട്ടികൾ എന്തൊക്കെ ഉൾക്കൊണ്ടെന്ന് കണ്ടെത്താനുള്ള പരിമിതി നിലനിൽക്കുന്നു. ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി, മൊബൈൽ ഫോൺ തുടങ്ങിയ സൗകര്യങ്ങളെത്തിക്കാൻ നാടൊന്നാകെ മുന്നിട്ടിറങ്ങിയിരുന്നു. വായനശാലകളിൽ ഉൾപ്പെടെ പഠന സൗകര്യങ്ങൾ ഉറപ്പ് വരുത്തിയിരുന്നു.
 സ്‌കൂൾ തുറക്കുന്നത് എപ്പോൾ? 
സ്‌കൂൾ തുറക്കുന്നത് എപ്പോഴാണെന്നും പരീക്ഷ എങ്ങനെ നടത്തുമെന്നുമൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. കൊവിഡ് വ്യാപനം ഇതേ തരത്തിൽ തുടർന്നാൽ നടപ്പ് അദ്ധ്യയന വർഷത്തിൽ പഴയത് പോലെ ക്ലാസുകൾ നടത്താനാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികൾക്ക് പൂർണമായും പാഠഭാഗങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോയെന്ന് വ്യക്തമല്ല. അങ്ങനെ വരുമ്പോൾ വർഷാവസാന പരീക്ഷകളെ സംബന്ധിച്ച ആശങ്ക രക്ഷകർത്താക്കൾക്കാണ്.
 സ്വകാര്യ സ്‌കൂളും കോളേജും
1. തനത് ഓൺലൈൻ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ക്ലാസുകൾ
2. എത്ര കുട്ടികൾ ക്ലാസിലുണ്ടെന്ന് അദ്ധ്യാപകന് അറിയാനാകും
3. ഒരാൾ ക്ലാസിൽ നിന്ന് പുറത്തുപോയാലും മനസിലാക്കാനാകും
4. ക്ലാസുകൾക്കിടയിൽ കുട്ടികളുടെ ഹാജർ എടുക്കാറുണ്ട്
5. തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ പരാതികൾക്കും ഇടയാക്കി
''
കുട്ടികളെല്ലാവരും വിക്ടേഴ്സ് ചാനലിനെ ഗൗരവത്തോടെ പിന്തുടരുന്നുവെന്ന് പറയാനാകില്ല. ക്ലാസ് മുറികളിൽ പോലും പലരുടെയും ശ്രദ്ധ തെറ്റാറുണ്ട്. കുട്ടികളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ അദ്ധ്യാപകർ ശ്രമിക്കുകയാണ്.
ആർ. അനന്തകൃഷ്‌ണൻ, അദ്ധ്യാപകൻ