
ഛത്തീസ്ഗഡിലെ മുരിയ ഗോത്രവിഭാഗത്തിൽപ്പെട്ടവർക്കിടയിൽ വിചിത്രമായ ഒരു ആചാരമുണ്ട്. ഗോട്ടുൽ എന്നാണ് ആ സമ്പ്രദായം അറിയപ്പെടുന്നത്. പ്രായമെത്തുന്ന ആണിനും പെണ്ണിനും ഇണയെ തെരഞ്ഞെടുക്കാൻ ഇവിടെ പൂർണസ്വാതന്ത്ര്യമുണ്ട്. വിദേശങ്ങളിലെ ഡേറ്റിംഗ് പോലുള്ള ഒരു സമ്പ്രദായം. ഛത്തീസ്ഗഡിലെ ബസ്താർ ജില്ലയിൽ ഇന്ദ്രാവതി നദിയുടെ വടക്കുഭാഗത്താണ് മുരിയ ഗോത്രവർഗക്കാർ താമസിക്കുന്നത്. കിഴക്കു ഭാഗത്ത് കൊണ്ടഗോൺ ഗ്രാമത്തിലും പടിഞ്ഞാറ് നാരായൺപൂർ ഗ്രാമത്തിലുമായാണ് ഇവർ താമസിക്കുന്നത് . 20,000 മുതൽ 25,000 മുരിയ ഗോത്രവർഗ്ഗക്കാർ ഇവിടെയുണ്ടെന്നാണ് കണക്ക്. ഭക്ഷണത്തിനും മറ്റും ഇവർ പുറത്തു നിന്ന് ആരെയും ആശ്രയിക്കാറില്ല. ഒത്തുചേരലുകൾക്ക് ഇവർ പ്രത്യേകതരം പാനീയം കുടിക്കാറുണ്ട്. ഗോട്ടുൽ എന്ന കുടിലുകൾ ഇവർക്കിടയിൽ പ്രസിദ്ധമാണ്. ചെറുപ്പക്കാരെ ഇവിടെ തനിച്ചു താമസിക്കാൻ വിടുന്നു. പ്രായമെത്തിയ യുവാവും യുവതിയും ഇവിടെ ഒന്നിച്ച് കഴിയുന്നു. ഗോട്ടുലിൽ കഴിയുന്ന യുവാവിനും യുവതിക്കും പുറത്തു നിന്ന് നല്ല പ്രോത്സാഹനമാണ് മുതിർന്നവർ നൽകുന്നത്. പങ്കാളിയുമൊത്ത് സുവർണ നിമിഷങ്ങൾ ചെലവഴിക്കുന്നതോടൊപ്പം ഭാവി വരനെയൊ വധുവിനെയോ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം കൂടിയാണിത്. രാത്രികാലങ്ങളിലാണ് ചടങ്ങ് ആരംഭിക്കുക. കൊട്ടും പാട്ടുമൊക്കെയായി ആഘോഷം പൊടിപൊടിക്കും. ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുത്ത് അവർക്ക് കുടിലിനുള്ളിലേക്ക് പ്രവേശിക്കാം. ഏഴു ദിവസം ഇത്തരത്തിൽ അവർ ഒന്നിച്ചു കഴിയുന്നു. അതിന് ശേഷം അവർക്ക് ഇഷ്ടമാണെങ്കിൽ വിവാഹം കഴിക്കാം. ചടങ്ങ് അവസാനിപ്പിക്കാൻ ആണ് പെണ്ണിന് ഒരു പുഷ്പം നൽകുന്നു. ഇത് പെൺകുട്ടി സ്വീകരിച്ചാൽ അവർ തമ്മിൽ വിവാഹിതരായെന്നാണ് അർത്ഥം. മറിച്ചാണെങ്കിൽ ആ പെൺകുട്ടിക്ക് അടുത്ത പങ്കാളിയെ കണ്ടെത്താം .