deathday

'ദിയ ദെ മുയേർത്തോസ്' എന്ന് കേട്ടിട്ടുണ്ടോ? സ്പാനിഷ് ഭാഷയിൽ 'മരിച്ചവരുടെ ദിവസം' എന്നാണ് അർത്ഥം. മെക്സിക്കോയിലെ, പ്രത്യേകിച്ച് മദ്ധ്യ, തെക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആഘോഷിക്കപ്പെടുന്ന ഒരു അവധി ദിവസമാണ് മരിച്ചവരുടെ ദിവസം. 2008 ൽ ഈ ആചാരം യുനെസ്‌കോ അവരുടെ ഇന്റാഞ്ചിബിൾ കൾച്ചറൽ ഹെറിറ്റേജ് പട്ടികയിൽ ഉൾപ്പെടുത്തി.

പല നാൾ നീളുന്ന ഈ അവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ കൂടിച്ചേർന്ന് തങ്ങളെ വിട്ടുപിരിഞ്ഞ സുഹൃത്തുക്കളും കുടുംബാംഗങ്ങളെയും ഓർക്കുകയും അവരുടെ ആത്മീയ യാത്രയ്ക്ക് സഹായിക്കാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ചിലപ്പോൾ ഈ ദിവസം ദിയ ദ ലോസ് മ്യൂർട്ടോസ് എന്നും അറിയപ്പെടുന്നു. മെക്സിക്കോയിൽ ഈ ദിനം ഒരു പൊതു അവധി ദിനമായിട്ടാണ് ആഘോഷിക്കുന്നത്.

പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് കോളനിവൽക്കരണത്തിനു മുൻപ് ആഘോഷം വേനൽക്കാലത്തിന്റെ തുടക്കത്തിൽ ആണ് ഈ ദിവസം ആഘോഷിച്ചിരുന്നത്. ക്രമേണ, പാശ്ചാത്യ-ക്രിസ്ത്യൻ ആചാരങ്ങൾ ആയ ഓൾ സെയ്ന്റ്സ് ഈവ്, ഓൾ സെയിന്റ്സ് ഡേ, ഓൾ സോൾസ് ഡേ എന്നിവയ്‌ക്കൊപ്പം ഇത് ഒക്ടോബർ 31, നവംബർ 1, നവംബർ 2 തീയതികളിലായി ആഘോഷിക്കാൻ തുടങ്ങി.

ഒഫ്രെണ്ടാസ് എന്നറിയപ്പെടുന്ന സ്വകാര്യ അൾത്താരകൾ നിർമിക്കുക, കാലവേരാസ് എന്നറിയപ്പെടുന്ന തലയോട്ടികളുടെ മാതൃക, ആസ്‌ടെക് ജമന്തി പുഷ്പങ്ങൾ എന്നിവ കൊണ്ട് വിട്ടുപിരിഞ്ഞവരെ ആദരിക്കുക, ഇഷ്ട വിഭവങ്ങളും മദ്യവും അവരുടെ കുഴിമാടങ്ങളിൽ അർപ്പിക്കുക എന്നിവയാണ് ചടങ്ങുകൾ..

ആധുനിക മെക്സിക്കൻ ആഘോഷത്തിനു നൂറ്റാണ്ടുകൾ പഴക്കമുള്ള ആസ്‌ടെക് ഉത്സവവുമായി ബന്ധമുള്ളതായി ഗവേഷകർ കണ്ടെത്തി. മരിച്ചവരെ ആദരിക്കുന്ന ഈ ആചാരം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു. മരിച്ചവരുടെ ദിവസം എന്നതുകൊണ്ട് ആ ദിവസങ്ങൾ ആകെ ശോകമാണെന്ന് കരുതരുത്. മരിച്ചവരും ആ ദിവസങ്ങളിൽ തങ്ങൾക്കൊപ്പം വന്ന് ആഘോഷിക്കും എന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്