 
ഏരൂർ: ടൗണിന് വെളിച്ചം പകർന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തം.മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായിട്ടാണ് ലൈറ്റ് താത്ക്കാലികമായി നീക്കംചെയ്തത്.ഐലറ റോഡിന്റെ വശത്തായി പുനസ്ഥാപിക്കുമെന്ന് പറഞ്ഞ് ഫൗണ്ടേഷൻ മാറ്റി സ്ഥാപിയ്ക്കുകയും ചെയ്തു. എന്നാൽ ഐലറ റോഡിന്റെ ടാറിംഗ് വേളയിൽ റോഡ് റോളർ കയറി ഫൗണ്ടേഷൻ ബോൾട്ടുകൾ നശിയ്ക്കുകയും ചെയ്തു.ഹൈമാസ്റ്റിന്റെ പോസ്റ്റ് പബ്ലിക് മാർക്കറ്റിൽ ഉപേക്ഷിയ്ക്കപ്പെട്ട നിലയിലാണ്.
ലൈറ്റ് നീക്കം ചെയ്യപ്പെട്ടതോടെ ടൗൺ ഇരുട്ടിലായി.കടകളിലെ വെളിച്ചമാണ് ജനങ്ങളുടെ ഏക ആശ്വാസം. ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ലൈറ്റ് ടൗണിന്റെ ഒരുഭാഗത്ത് അനാഥമായി കിടക്കുമ്പോഴാണ് ജനങ്ങൾ ഈ ദുരിതം അനുഭവിയ്ക്കേണ്ടി വരുന്നത്.നിരവധി തവണ അധികൃതരെ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞ് നോക്കിയിട്ടില്ല.എത്രയും വേഗം ലൈറ്റ് പുനസ്ഥാപിച്ച് ടൗണിന്റെ വെളിച്ചം തിരിച്ച് നൽകിയില്ലങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.