kallada-road
കുണ്ടും കുഴിയുമായ വളഞ്ഞ വരമ്പ് തോട്ടത്തിൽ കടവ് റോഡ്

പടിഞ്ഞാറേകല്ലട: വളഞ്ഞ വരമ്പ് തോട്ടത്തിൽ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. അടൂർ - ചവറ റോഡിനെയും കൊല്ലം - തേനി പാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പഞ്ചായത്തിലെ പ്രധാന പിഡബ്ലിയു.ഡി റോഡുകളിൽ ഒന്നാണ് കടപുഴ - വളഞ്ഞവരമ്പ് - കാരാളിമുക്ക് റോഡ്. ഏകദേശം ഒൻപത് കിലോമീറ്റർ ദൂരമുള്ള ഈ റോഡിൽ വളഞ്ഞവരമ്പു മുതൽ തോട്ടത്തിൽ കടവ് വരെയുള്ള അഞ്ചു കിലോമീറ്റർ ഭാഗമാണ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. ഈ റോഡിലൂടെ രോഗികളുമായി ആശുപത്രിയിൽ പോകുന്നവരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. റോഡ് മുഴുവൻ കുണ്ടുംകുഴിയും നിറഞ്ഞ് മഴക്കാലത്ത് വെള്ളക്കെട്ടാകുന്ന നിലയിലാണ്. കിഫ്ബി പദ്ധതി പ്രകാരം ഒരു വർഷം മുമ്പ് നവീകരണം ആരംഭിച്ച ഈ റോഡിന്റെ പണി നിറുത്തിവച്ചിട്ട് മാസങ്ങൾ പിന്നിടുന്നു.

 റോഡ് പണി പുനരാരംഭിക്കണം

2020 മാർച്ച് മാസത്തിനു മുൻപ് നിറുത്തിവെച്ച റോഡ് പണി ഇതുരെ പുനരാരംഭിച്ചിട്ടില. 25 വർഷത്തിൽ അധികമാകുന്നു ഈ റോഡ് റീടാർ ചെയ്തിട്ട്. ബന്ധപ്പെട്ട അധികൃതർ മുൻകൈയെടുത്ത് എത്രയും വേഗം റോഡ് പണി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കാലപ്പഴക്കം ചെന്ന കുടിവെള്ള പൈപ്പ് ലൈൻ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള കാലതാമസം മൂലമാണ് റോഡ് പണി നീണ്ടുപോകുന്നത്. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുത്തിട്ടുണ്ട്. അതിന്റെ ടെൻഡർ നടപടിയും റോഡിലെ സർവേ നടപടിയും പൂർത്തീകരിച്ചിട്ടില്ല. ഇവ രണ്ടും പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ മാസം പകുതിയോടെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ

2. കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിന്റെ പണി നീട്ടിക്കൊണ്ടു പോകുന്നത് പ്രതിഷേധാർഹമാണ്. ഈ റോഡിൽ അപകടം പതിവായിട്ടും ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അടിയന്തരമായി റോഡ് പണി പൂർത്തീകരിക്കണം.

അഡ്വ. ത്രീദീപ് കുമാർ

മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

പടിഞ്ഞാറേ കല്ലട

3. വർഷങ്ങളായി റോഡിന്റെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കല്ലടയാറ്റിന് സമാന്തരമായുള്ള ഏക റോഡാണിത്. അടിയന്തരമായി റോഡ് പണി പൂർത്തീകരിക്കണം.

മഹേന്ദ്രൻ കിടങ്ങിൽ, പ്രദേശവാസി