police

തിരുവനന്തപുരം: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും ക്രമസമാധാന പ്രശ്നങ്ങളെയും ഫലപ്രദമായി നേരിടാൻ സംസ്ഥാന പൊലീസിന് മൂവായിരത്തോളം അത്യാധുനിക ഫൈബർ ലാത്തികളും ഹെവി മൂവബിൾ ബാരിക്കേഡുകളും ഉടനെത്തും. പൊലീസ് സ്റ്റേഷനുകളിലും കൺട്രോൾ റൂമുകളിലും സംഘർഷങ്ങളും ക്രമസമാധാന വിഷയങ്ങളും കൈകാര്യം ചെയ്യേണ്ട സന്ദർഭങ്ങളിൽ മിനിമം വേണ്ട ലാത്തിപോലുമില്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന്റെ ആദ്യപടിയായാണ് 3000 ലാത്തികൾ ഉടൻ വാങ്ങുന്നത്. മുളവടികളും ചൂരലുകളുമാണ് മുമ്പ് ഉപയോഗിച്ചിരുന്നതെങ്കിൽ ആധുനിക പൊലീസിംഗ് സംവിധാനത്തിന്റെ ഭാഗമായി ഫൈബർ ലാത്തിയിലേക്ക് മാറിയ പൊലീസ് ലാത്തി ചാർജിന്റെ ആഘാതം കുറയ്ക്കാനും ആളപായം ഒഴിവാക്കാനും ലാത്തി ഡ്രില്ലും അടുത്തിടെ പരിഷ്കരിച്ചിരുന്നു. തലയും നെഞ്ചും പുറവുമുൾപ്പെടെ മർമ്മസ്ഥാനങ്ങൾ തല്ലിച്ചതയ്ക്കാതെ ബ്ളോക്ക് ചെയ്ത് തന്ത്രപൂർവ്വം കീഴ്പ്പെടുത്തുകയോ കാൽമുട്ടിന് താഴെ മാത്രം പ്രയോഗിക്കുകയോ ചെയ്യുംവിധമാണ് പരിഷ്കാരം. ഇതനുസരിച്ച് ആൾക്കൂട്ട പ്രതിഷേധത്തിൽ ശക്തമായ പ്രതിരോധം തീർക്കാൻ ശേഷിയുള്ള സ്ട്രോംഗ് ഫൈബർ ലാത്തികളാണ് ഓർഡർ ചെയ്തിരിക്കുന്നത്. 3000 ലാത്തികൾക്കായി 45 ലക്ഷം രൂപയാണ് ചെലവിട്ടത്. സമരങ്ങളും പ്രക്ഷോഭങ്ങളും ഏറിവരുന്ന സാഹചര്യത്തിൽ പൊലീസിനെ കൂടുതൽ സായുധമാക്കുകയാണ് ലക്ഷ്യം.

ലാത്തി

വെള്ള, കറുപ്പ് നിറം

നീളം 85 സെ.മീ

വലിപ്പം 3.5 മില്ലി.മീറ്റർ

ഭാരം 350 ഗ്രാം

ഫ്ളെക്സിബിലിറ്റി 150 മില്ലി മീറ്റർ

ബാരിക്കേഡിൽ വലിഞ്ഞുകേറല്ലേ ,ചോര ചീറ്റും

സമരങ്ങളും പ്രകടനങ്ങളും തടയാൻ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ തള്ളി മറിക്കാനും മറികടക്കാനും ശ്രമിക്കുമ്പോഴാണ് പലപ്പോഴും പൊലീസും സമരക്കാരും തമ്മിൽ ഉന്തും തളളിനും സംഘർഷത്തിനും ഇടയാകുക. എന്നാൽ ബാരിക്കേഡിന് മേൽ വലിഞ്ഞ് കേറാനും തള്ളി മറിച്ചിടാനും ശ്രമിക്കുന്നവർക്ക് ഇനി പണി കിട്ടും. എവിടേക്കും അനായാസേന തളളി നീക്കാവുന്ന 67 ഹട്ട് ടൈപ്പ് ഹെവി മൂവബിൾ ബാരിക്കേഡാണ് പൊലീസ് വാങ്ങുന്നത്. സമരക്കാർ ബാരിക്കേഡിലേക്ക് കല്ലും കുപ്പികളും വലിച്ചെറിയുന്നത് പ്രതിരോധിക്കാൻ കമ്പിവേലിയും ബാരിക്കേഡ് മറിച്ചിടുന്നതിനെ പ്രതിരോധിക്കാൻ മുള്ളുകമ്പികളും ഘടിപ്പിച്ചിട്ടുണ്ട്. കടും നീല നിറത്തിൽ നടുക്ക് പൊലീസ് ബോ‌ർഡോട് കൂടിയ ബാരിക്കേഡുകൾ പരസ്പരം ബന്ധിപ്പിക്കാൻ ഇന്റർ ലോക്കിംഗ് സംവിധാനവും രാത്രികാലങ്ങളിൽ ഇവ തിരിച്ചറിയാൻ സോളാർ ബ്ളിങ്കർ ലൈറ്റുകളും ഇവയിലുണ്ടാകും. 64 ബാരിക്കേഡുകൾക്കായി 16 ലക്ഷം രൂപയാണ് വില.