rajaparba

ആർത്തവത്തെ അശ്ലീലമായി കാണുന്ന മലയാളികളെപ്പോലയല്ല ഒഡീഷക്കാരെ സംബന്ധിച്ചിടത്തോളം ആർത്തവം അവർക്കൊരിക്കലും അശ്ലീലമല്ല പകരം ആഘോഷമാണ്. ആർത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുന്നൊരു ചടങ്ങുണ്ട് ഒഡീഷയിൽ. രാജാ പർബാ അഥവാ മിഥുന സംക്രാന്തി എന്നു പേരിട്ടിരിക്കുന്ന ഈ ഉത്സവം നടക്കുന്നത് എല്ലാവർഷവും ജൂണിലാണ്.ആർത്തവാവസ്ഥയിലെ സ്ത്രീ എന്നർഥം വരുന്ന രാജശ്വാല എന്ന വാക്കിൽ നിന്നുമാണ് രാജാ എന്ന വാക്കെടുത്തിരിക്കുന്നത്. കാർഷിക വര്‍ഷാരംഭത്തിലാണ് ആഘോഷം നടക്കുന്നത്. ജൂൺ മധ്യത്തിൽ പതിനാലു തൊട്ടു പതിനേഴു വരെയുള്ള ദിനങ്ങളിലാണ് രാജാ പർബ നടക്കാറുള്ളത്. സ്ത്രീയുടെ ആർത്തവത്തെ ഭൂമിദേവിയുമായി ബന്ധപ്പെടുത്തിയാണ് ആഘോഷിക്കുന്നത്. ആദ്യത്തെ മൂന്നുദിവസങ്ങളിൽ ജഗന്നാഥന്റെ പത്നിയായ ഭൂമിദേവി ആർത്തവ കാലത്തിലൂടെ പോകുമെന്നും നാലാംദിവസം ആചാരപ്രകാരം കുളിപ്പിക്കുമെന്നുമാണ് വിശ്വാസം. അവിവാഹിതരായ സ്ത്രീകളുടെ ആർത്തവകാലം പോലെ ഭൂമിദേവിക്കും ഇക്കാലത്തു വിശ്രമമാണ് അതുകൊണ്ടു തന്നെ കാർഷിക പ്രവർത്തികളൊന്നും ഇക്കാലത്തില്ല.അവിവാഹിതരായ സ്ത്രീകൾ അവരുടെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ഏറ്റവും മനോഹരമായിരിക്കണം നാലുദിവസവും. മാത്രമല്ല ഇക്കാലങ്ങളിൽ സ്ത്രീകൾക്ക് വീട്ടുജോലികൾ ചെയ്യേണ്ടതില്ലെന്നു മാത്രമല്ല അവരുടെ ഇഷ്ടം പോലെ അകത്തും പുറത്തും നടക്കാം. ഭക്ഷണം കഴിക്കാം. ആഘോഷത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികൾ പുലർകാലത്തിലേ എഴുന്നേൽക്കണം, തുടർന്ന് മഞ്ഞളും എണ്ണയും തേച്ച് പുഴയിലോ കുളത്തിലോ വലിയ ടാങ്കിലോ വേണം കുളിക്കാൻ. അടുത്ത രണ്ടു ദിവസത്തേക്ക് കുളിക്കാൻ പാടുള്ളതല്ല.ഉത്സവത്തിന്റെ ഓരോ ദിവസങ്ങൾക്കും ഓരോ പേരുകളും അതിനെല്ലാം ഓരോ പ്രാധാന്യങ്ങളുമുണ്ട്.ആദ്യദിവസം പാഹിലി രാജോ, രണ്ടാം ദിവസം മിഥുന സംക്രാന്തി, മൂന്നാം ദിവസം ഭു ദാഹാ അല്ലെങ്കിൽ ബാസി രാജാ നാലാം ദിവസം വസുമതി സ്നാനാ എന്നിങ്ങനെയാണ് അറിയപ്പെ‌ടുന്നത്.