
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കഞ്ചാവ് കച്ചവടവും കള്ളക്കടത്തും നിയന്ത്രിക്കുന്നത് വിയ്യൂർ അതിസുരക്ഷാ ജയിലിലെ ശിക്ഷാപ്രതിയായ ഗുണ്ടയാണെന്ന് എക്സൈസിനെ ലഭിച്ച വിവരത്തെക്കുറിച്ച് ജയിൽ വകുപ്പും അന്വേഷിക്കും. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം നഗരത്തിൽ യുവാവിനെ കൊലപ്പെടുത്തിയകേസിൽ ഗുണ്ടാത്തലവനൊപ്പം ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധേയനായ ഉറ്റ അനുയായിയാണ് തന്റെ സംഘാംഗങ്ങളുടെ സഹായത്തോടെ നഗരത്തിൽ ലഹരിമരുന്ന് വ്യാപാരവും ഗുണ്ടാപ്പണിയും ജയിലിൽ കിടന്ന് നിയന്ത്രിക്കുന്നത്.
കഴിഞ്ഞയാഴ്‌ച ബാലരാമപുരത്തുനിന്ന് കാറിൽകൊണ്ടുവന്ന 203 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ കഴിഞ്ഞദിവസം എക്സൈസ് അറസ്റ്റ് ചെയ്ത കുടപ്പനക്കുന്ന് മുട്ടട അഞ്ചുമുക്ക് സ്വദേശി സിദ്ധാർഥിനെ (22) ചോദ്യം ചെയ്തപ്പോഴാണ് വിയ്യൂർ അതിസുരക്ഷാ ജയിലിലിരുന്ന് കൊലക്കേസ് പ്രതി നടത്തിയ കഞ്ചാവിന്റെ മൊത്തക്കച്ചവടം പുറത്തായത്. സിദ്ധാർത്ഥിന്റെ മൊഴിയും മൊബൈൽ കോൾ വിശദാംശങ്ങളും സഹിതം എക്സൈസ് ജയിൽ വകുപ്പിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം. എക്സൈസിൽ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാലുടൻ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുമെന്ന് ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കേസിന്റെ കൂടുതൽ അന്വേഷണത്തിനായി ബാലരാമപുരം കഞ്ചാവ് കേസിലെ മുഴുവൻ പ്രതികളെയും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം അസി. എക്സൈസ് കമ്മിഷണർ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇന്നും നാളെയുമായി ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന കഞ്ചാവ് കച്ചവടത്തിന്റെയും കടത്തിന്റെയും വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംസ്ഥാന പൊലീസിന്റെ സൈബർ വിഭാഗത്തിൽ നിന്ന് കോൾ വിശദാംശങ്ങൾ ലഭിക്കുന്നതിലെ കാലതാമസമാണ് അന്വേഷണത്തിന് ഇപ്പോൾ എക്സൈസ് നേരിടുന്ന വെല്ലുവിളി. മൊബൈൽ കോളുകളുടെ വിശദരേഖകളും ടവർ ലൊക്കേഷനുകളും ലഭ്യമായാലേ കേസിൽ ഗൂഢാലോചനയുൾപ്പെടെയുള്ള കാര്യങ്ങൾ തെളിയിക്കാനാകൂ.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലംഗമായിരുന്ന ഒരാളുടെ വധക്കേസിൽ ഗുണ്ടാത്തലവനൊപ്പം ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയരായ പ്രതികളിൽ ഒരാളാണ് ജയിലിൽ കിടന്നുകൊണ്ട് തന്റെ അനുയായികളുടെ സഹായത്തോടെ നഗരത്തിലെ ഗുണ്ടാപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. നഗരത്തിൽ ഇപ്പോഴും സജീവമായി തുടരുന്ന ഈ ക്രിമിനൽ സംഘങ്ങളാണ് കഞ്ചാവിന്റെ വിതരണത്തിനും വിൽപ്പനയ്ക്കും പിന്നിലുള്ളത്. ആളുകളെ വിരട്ടി കഞ്ചാവ് കച്ചവടത്തിന് പ്രേരിപ്പിക്കുകയും പണം പണം വാങ്ങുകയും ചെയ്യുന്നതെല്ലാം ഈ ഗുണ്ടാസംഘങ്ങളാണ്. ഗുണ്ടാസംഘങ്ങളെ അനുസരിക്കാത്തവരെ മെരുക്കാൻ ഫോൺ മുഖാന്തിരം ജയിലിൽ നിന്ന് ഗുണ്ടാത്തലവനും ഇടപെടും. ബാലരാമപുരത്ത് കഞ്ചാവുമായി കാറുകൾ പിടിക്കപ്പെട്ട വിവരം അപ്പോൾ തന്നെ വിയ്യൂർ ജയിലിലുള്ള കൊലക്കേസ് പ്രതിയുടെ കാതിലെത്തിയതും കൂട്ടാളികൾക്ക് രക്ഷപ്പെടാൻ നിർദേശം നൽകിയതും ജയിലിന്റെ സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നിയമവിധേയമല്ലാതെ മൊബൈൽഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന് ജയിൽവകുപ്പ് അവകാശപ്പെടുമ്പോഴാണ് അതിസുരക്ഷാ ജയിലിലെ സുരക്ഷാവീഴ്ചകൾ ബോദ്ധ്യപ്പെടുന്ന മൊഴി പുറത്തായത്. മൊഴിയുടെയും മൊബൈൽഫോൺ വിശദാംശങ്ങളുടെയും അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്നാണ് സൂചന.