njayi

 തൊഴിലാളി ക്യാമ്പുകൾ നിരീക്ഷണത്തിൽ

കൊല്ലം: അൺലോക്ക് നടപടികൾ ആരംഭിച്ചശേഷം ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് വർദ്ധിച്ചെങ്കിലും ഭായിമാർക്കിടയിൽ കൊവിഡ് വ്യാപനമില്ലാത്തതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം.

പശ്ചിമബംഗാളിൽ നിന്ന് ചവറയിൽ നിർമ്മാണ ജോലിക്കെത്തിയ 30ലധികം തൊഴിലാളികൾക്ക് മൂന്നാഴ്ച മുമ്പ് കൊവിഡ് കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിഞ്ഞത് ഈ ജാഗ്രതയുടെ ഫലമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ബസ് മാർഗം ചവറയിലെത്തി ക്വാറന്റൈനിൽ കഴിയുമ്പോഴാണ് 55 അംഗ സംഘത്തിൽ 33പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത്. തുടക്കത്തിലേ കണ്ടുപിടിക്കുകയും മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തതിനാൽ വ്യാപനം ഒഴിവായി. ഇതല്ലാതെ രോഗവ്യാപനം തീവ്രമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തിലും അന്യസംസ്ഥാന ലേബർ‌ ക്യാമ്പുകളിലൊരിടത്തും കൊവിഡ് റിപ്പോർട്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വെളിപ്പെടുത്തി.

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ രോഗം തടയുന്നതിനായി ഓരോ പ്രദേശത്തും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തൊഴിൽ സ്ഥലങ്ങളിലും താമസ കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ലോക്ക് ഡൗണിൽ സ്വദേശത്തേക്ക് പോകാതെ ഇവിടെ കഴിഞ്ഞവരും തിരിച്ചെത്തിയവരുമെല്ലാം ജോലിക്ക് പോയിതുടങ്ങി. തൊഴിലും ഭക്ഷണവും രോഗഭീതി കൂടാതെ കഴിയാനുള്ള സൗകര്യങ്ങളിലും ഭായിമാരും തൃപ്തരാണ്.

 നിരീക്ഷണത്തിന് പ്രത്യേകസംഘം

ആയിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയതായാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. മുംബയ് ലോക് മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ് പ്രസിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തുന്നത്.

തൊഴിലുടമകൾ സജ്ജമാക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നിവ ഇക്കാര്യം ഉറപ്പാക്കുന്നുണ്ട്. ട്രോളിംഗ് നിരോധനം പിൻവലിച്ചശേഷം മത്സ്യബന്ധനവും അനുബന്ധവ്യവസായങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ഏറെയും എത്തിയത്. കേരളത്തിൽ തന്നെ ലോക്ക് ഡൗൺ കാലം ചെലവഴിച്ചവരുമുണ്ട്. ക്യാമ്പുകളിൽ കൊവിഡ് വ്യാപനവും ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് ലേബർ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെട്ട പ്രത്യേക സംഘം ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്.

''

ലേബർ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിൽ തൊഴിലാളികളും തൊഴിലുടമകളും തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീ

''

റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവരെ ക്വാറന്റൈൻ ചെയ്യാനായി എല്ലാ ദിവസവും ഒരു അസി. ലേബർ ഓഫീസറും സംഘവും കൊല്ലം റെയിൽവേ സ്റ്റേഷനിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

മനോജ് കുമാർ
ലേബർ എൻഫോഴ്സ്‌മെന്റ് ഓഫീസർ

 അന്യസംസ്ഥാന തൊഴിലാളികൾ

ആകെ: 23,753

നാട്ടിലേക്ക് മടങ്ങിയത്: 15,740

തുടരുന്നവർ: 7,013

നിയമാനുസൃതം തിരിച്ചെത്തിയത്: 600

അല്ലാതെ വന്നവർ: 438