election

കൊല്ലം: തിരഞ്ഞെടുപ്പ് എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റാവുകയെന്ന മോഹവുമായി നടക്കുന്ന നിരവധി പേരെ നമുക്ക് നാട്ടിൻപുറങ്ങളിൽ കാണാം. പലരും അതിനുള്ള കരുക്കൾ നീക്കിവന്നപ്പോഴാണ് സ്വപ്‌നങ്ങൾ തകർന്നടിയുന്നത്. ആദ്യം മെമ്പറാവണം, പിന്നെയല്ലേ പ്രസിഡന്റാവാനാകൂ. മെമ്പറാവാൻ നിന്ന വാർഡ് നറുക്കെടുപ്പിൽ സ്ത്രീ സംവരണമായിപ്പോയി.

ഇത്തരത്തിൽ നോക്കിയിരുന്ന വാർഡുകൾ പലതും പുരുഷന്മാർക്ക് നഷ്ടമായത് വല്ലാത്തൊരു തിരിച്ചടിയായി. കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി എന്ന തരത്തിലാണ് നാട്ടിൻപുറത്ത് ചർച്ചകൾ സജീവമാകുന്നത്. കഴിഞ്ഞ വർഷം വനിതാ സംവരണമായതിനാൽ ഇക്കുറി മറ്റ് സംവരണങ്ങളുണ്ടാവില്ലെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് കടുത്ത മോഹഭംഗമാണുണ്ടായത്.

സംവരണം മൂലം സീറ്റ് നഷ്ടമായതോടെ മറ്റ് ഏതെങ്കിലും ജനറൽ വാർഡിൽ മത്സരിക്കാമെന്ന് വച്ചാൽ അവിടുത്തെ പ്രധാന നേതാക്കൾ സമ്മതിക്കുന്നുമില്ല. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് സീറ്റും സ്വപ്നം കണ്ടിരുന്ന ചെറുതും വലുതുമായ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രാദേശിക നേതാക്കളിൽ പലരും.

ചിലർ വേണ്ടപ്പെട്ടവരെ പ്രസിഡന്റാക്കി പിൻസീറ്റ് ഡ്രൈവിംഗ് നടത്താനാകുമോയെന്ന ഗവേഷണത്തിലാണ്. വനിതാ പ്രസിഡന്റ് സംവരണമുള്ള പഞ്ചായത്തുകളിൽ സ്വന്തക്കാരെ നിറുത്തി മത്സരിപ്പിച്ച് പ്രസിഡന്റാക്കി രഹസ്യഭരണം നടത്താമെന്ന കണക്കുകൂട്ടലുമായി കഴിയുന്നവരും കുറവല്ല. സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് വരെ ഉത്സാഹിച്ചു നിന്ന പല നേതാക്കളും ഇപ്പോൾ മൗനവ്രതത്തിലാണ്. പകുതി വാർഡും സ്ത്രീ സംവരണമായതോടെ കരുത്ത് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പെണ്ണുങ്ങൾ.