 
കൊട്ടിയം: ഗോഡൗണിൽ ഇരുമ്പ് ഷീറ്റുകൾ സൂക്ഷിച്ചിരുന്ന ചട്ടക്കൂട് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശിക്ക് ഗുരുതര പരിക്ക്. കൊട്ടിയം ഡോൺ ബോസ്കോ കോളേജിന് സമീപം സംസം മെറ്റൽസിലെ തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശി സുമിത്തിനാണ് (20) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 ഓടെയായിരുന്നു അപകടം.
ഇരുമ്പ് ഷീറ്റുകൾ അടുക്കുന്നതിനിടെ എട്ട് തട്ടുകളുള്ള ചട്ടക്കൂടും നൂറുകണക്കിന് ഇരുമ്പ് ഷീറ്റുകളും ദേഹത്തേക്ക് പതിക്കുകയായിരുന്നു. സുമിത്തിനെ രക്ഷിക്കാൻ മറ്റ് തൊഴിലാളികൾ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് ക്രെയിനിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ചട്ടക്കൂട് ഉയർത്താൻ ഒരു മണിക്കൂറിലേറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഉയർന്ന ശേഷിയുള്ള ഒരു ക്രെയിൻ എത്തിച്ചാണ് ചട്ടക്കൂട് ഉയർത്തി സുമിത്തിനെ പുറത്തെടുത്തത്.
സുമിത്തിന് പ്രഥമശുശ്രൂഷ നൽകാൻ കൊട്ടിയം ഹോളിക്രോസിലെ ഡോ. ആതുരദാസും സംഘവും എത്തിയിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ബൈപ്പാസിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗോഡൗണിൽ ഭാരമേറിയ ഇരുമ്പ് വസ്തുക്കൾ പല നിലകളിലായി സൂക്ഷിച്ചിരിക്കുന്നതെന്ന് ജില്ലാ ഫയർ ഓഫീസർ ഹരികുമാർ പറഞ്ഞു. ഗോഡൗൺ ഉടമയ്ക്ക് നോട്ടീസ് നൽകുമെന്നും ഇദ്ദേഹം പറഞ്ഞു. സ്റ്റേഷൻ ഓഫീസർമാരായ ബൈജു, ലാൽജീവ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.