covid

തഴവ: കുലശേഖരപുരം കടത്തൂരിൽ കൊവിഡ് അതിവേഗ വ്യാപനത്തിലെത്തിയതോടെ സ്ഥിതി കൂടുതൽ ആശങ്കാജനകമായി. കഴിഞ്ഞ ദിവസം കടത്തൂർ, മണ്ണടിശ്ശേരി വാാർഡുകളിൽ മാത്രം നടത്തിയ പരിശോധനയിൽ പതിനൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത കടത്തൂരിൽ തുടക്കം മുതൽ തന്നെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ട് തവണ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ഈ പ്രദേശം ഇപ്പോഴും അതീവ ജാഗ്രതാ മേഖലയായി തുടരുകയാണ്. എന്നാൽ ഗ്രാമ വാസികളിൽ പലരും നിയന്ത്രണങ്ങളോട് നിസഹകരിക്കുന്നതാണ് രോഗവ്യാപനം വർദ്ധിക്കാൻ കാരണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കടത്തൂർ, മണ്ണടിശ്ശേരി വാർഡുകളിലായി നൂറ്റിപ്പത്ത് പേരാണ് കോവിഡ് ബാധിതരായത്. രോഗികളിൽ പലരെയുംവീടുകളിൽ തന്നെ താമസിപ്പിച്ച് ചികിത്സ നടത്തുകയാണ്.

കണ്ടെയ്ൻമെന്റ് സോണായി തുടരുന്ന ഈ പ്രദേശത്ത് ചായക്കടകൾ ഉൾപ്പടെയുള്ള കച്ചവട സ്ഥാപനങ്ങൾ നിയന്ത്രണമില്ലാതെ തുറന്ന് പ്രവർത്തിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് അധികൃതർ ഉച്ചഭാഷിണി ഉപയോഗിച്ച് നിരവധി തവണ ജാഗ്രതാനിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല.