covid
covid

അഞ്ചൽ: കിഴക്കൻ മേഖലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്. അതോടൊപ്പം ആളുകളെ ആശങ്കയും വർദ്ധിക്കുന്നു. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ അഞ്ചൽ ടൗൺ ഉൾപ്പെട്ട മേഖലകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. അഞ്ചൽ പഞ്ചായത്തിലെ കോളേജ്, വട്ടമൺ, ടൗൺ, മാർക്കറ്റ് വാർഡുകളും ഇടമുളയ്ക്കൽ പഞ്ചായത്തിലെ 14, 17 വാർഡുകളും 19-ാം വാർഡ് ഭാഗീകമായും ആണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്നത്. അഞ്ചൽ പഞ്ചായത്തിലെ ആർച്ചൽ, ഏറം പോങ്ങുംമുകൾ, പനയഞ്ചേരി വാർഡുകൾ നേരത്തെതന്നെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നു.

ഒരാഴ്ചയ്ക്കിടെ 70ലേറെപേർക്ക് രോഗം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എഴുപതിലധികം പേർക്കാണ് ഈ മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 27 പേർക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പനയഞ്ചേരിലെ ഒരു ഓട്ടോ ഡ്രൈവറും ഉൾപ്പെടുന്നു. നേരത്തെ അഞ്ചൽ മാർക്കറ്റിലെയും തഴമേലിലെയും ഓരോ ഓട്ടോ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് മുഴുവൻ ഓട്ടോ തൊഴിലാളികളുടെയും സാമ്പിൾ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃത‌ർ അറിയിച്ചിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണായത് അറിഞ്ഞില്ല

ഇന്നലെ 10 മണിയോടെ പൊലീസ് പെട്ടെന്ന് റോഡുകൾ ബാരിക്കേഡ് വച്ച് വാഹനങ്ങൾ തടഞ്ഞത് നാട്ടുകാരെ ശരിക്കും ബുദ്ധിമുട്ടിലാക്കി. കശുഅണ്ടി തൊഴിലാളികൾ ഉൾപ്പടെ നൂറുകണക്കിന് പേരാണ് രാവിലെ തന്നെ കണ്ടെയ്ൻമെന്റ് സോണായ വിവരം അറിയാതെ ജോലിക്കായി ഫാക്ടറികളിൽ എത്തിയത് വൈകിട്ട് വീടുകളിൽ എത്തുന്നതിന് വാഹന സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീ തൊഴിലാളികൾ ഉൾപ്പടെയുള്ള ആളുകൾ കിലോമീറ്ററുകൾ നടന്നാണ് തിരികെ വീടുകളിൽ എത്തിയത്. പൊലീസ് മുൻകൂട്ടി അറിയിക്കാതെ റോഡുകൾ ബ്ലോക്കു ചെയ്തതാണ് ജനങ്ങളെ ശരിക്കും വെട്ടിലാക്കിയത്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന ജനജാഗ്രതാ കമ്മിറ്റിയിലും കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിന്റെ ഭാഗത്തുനിന്നും കൂടിയാലോചനകൾ ഉണ്ടാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

ആളുകൾ സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം

ചിലമേഖലകളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ സ്വയം നിയന്ത്രിക്കാൻ തയ്യാറാകണം. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങി സഞ്ചരിക്കരുത്. ആളുകൾ കൂട്ടം കൂടാതിരിക്കണം. കൊവിഡ് നിയന്ത്രണത്തിൽ പൊലീസിന്റെ നടപടികളോട് പൂർണമായും സഹകരിക്കാനുള്ള മനസും ആളുകൾക്ക് ഉണ്ടാകണം. കൂട്ടായ ശ്രമത്തിലൂടെ മാത്രമേ കൊവിഡിനെ നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. എസ്. ഹരിശങ്കർ ഐ.പി.എസ് (കൊല്ലം റൂറൽ എസ്.പി)