kunnathoor-
കുന്നത്തൂർ പാലം

കുന്നത്തൂർ : കൊട്ടാരക്കര - കരുനാഗപ്പള്ളി റൂട്ടിൽ കല്ലടയാറിനു കുറുകെയുള്ള കുന്നത്തൂർ പാലം ആത്മഹത്യാ മുനമ്പായി മാറുന്നു. ഇതിനോടകം നിരവധിയാളുകളാണ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ദിവസങ്ങൾക്കു മുൻപ് കുന്നത്തൂർ സ്വദേശിയായ യുവ സൈനികൻ ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ ജൂലായ് 24 ന് പുത്തൂർ ചെറുപൊയ്ക സ്വദേശിനിയായ വിദ്യാർത്ഥിനിയും ആത്മഹത്യക്കായി തിരഞ്ഞെടുത്തത് ഈ പാലം തന്നെയാണ്. ആത്മഹത്യയ്ക്കായി ഇവിടെയെത്തുന്നവരിൽ ഏറെയും യുവതീ - യുവാക്കളും വിദ്യാർത്ഥികളുമാണ്. സമീപ ജില്ലകളിൽ നിന്നുവരെ ആളുകൾ ജീവനൊടുക്കാൻ ഇവിടേക്ക് എത്താറുണ്ട്. ആളെ തിരിച്ചറിയാൻ കഴിയാതെ പലതും അജ്ഞാത മൃതദേഹങ്ങളായി മാറുന്നതും പതിവാണ്. നിരവധി വീട്ടമ്മമാരെയും വയോധികരെയും നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുത്താനായിട്ടുണ്ട്. അഗ്നി രക്ഷാ സേനയും പൊലീസും ദിവസങ്ങളോളം നടത്തുന്ന തെരച്ചിലിനൊടുവിലാണ് പലപ്പോഴും മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

സന്ധ്യ കഴിഞ്ഞാൽ പാലം കൂരിരുട്ടിൽ

പാലത്തോട് ചേർന്ന ഭാഗങ്ങളിലെ വിജനതയാണ് പലരും ആത്മഹത്യയ്ക്ക് കുന്നത്തൂർ പാലം തിരഞ്ഞെടുക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കത്താറില്ല. ഇതിനാൽ സന്ധ്യ കഴിഞ്ഞാൽ പാലം കൂരിരുട്ടിലാകും. നിരീക്ഷണ കാമറയുടെ അഭാവവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാലത്തോട് ചേർന്ന ഇരു കൈവരികളിലും രണ്ടടി പൊക്കത്തിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ചാൽ പാലത്തിൽ നിന്ന് ചാടിയുള്ള ആത്മഹത്യകൾക്ക് ഒരു പരിധി വരെ തടയിടാമെന്നാണ് നാട്ടുകാർ പറയുന്നത്.

സർക്കാർ ഇടപെടണം

കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയുള്ള ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച ശേഷം ഇരു കൈവരികളിലും സുരക്ഷാ കവചം(ഇരുമ്പ് നെറ്റ് ) സ്ഥാപിക്കണം.

കുന്നത്തൂർ പ്രസാദ്, പ്രസിഡന്റ് കുന്നത്തൂർ പഞ്ചായത്ത്

നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം

പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുകയാണ്. പാലത്തിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ചാൽ ഒരു പരിധി വരെ ഇത് തടയാനാകും.കൂടാതെ തെരുവ് വിളക്കുകൾ കത്തിക്കാനും നടപടി ഉണ്ടാകണം. എം.എൽ.എ ഇടപെടുമെന്നാണ് കരുതുന്നത്.

കാരയ്ക്കാട്ട് അനിൽ (ബ്ലോക്ക് പഞ്ചായത്തംഗം)