
തങ്കശേരി സ്വദേശിയുടെ 90,000 രൂപ തട്ടിയെടുത്തു
കൊല്ലം: ഓൺലൈൻ വ്യാപാര സൈറ്റുകൾ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ഇന്നലെ കൊല്ലം തങ്കശേരി സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 90,000 രൂപയാണ് നഷ്ടമായത്.
തങ്കശേരി കാവൽ പുന്നത്തല സൗത്ത് മയൂഖത്തിൽ പ്രസന്നകുമാറിനാണ് പണം നഷ്ടമായത്. കഴിഞ്ഞയാഴ്ച പ്രസന്നകുമാറിന്റെ മക്കൾ 'അജയ്' എന്ന ഓൺലൈൻ വ്യാപാര സൈറ്റിൽ ചുരിദാറിന് ഓർഡർ നൽകി. ഇതിന്റെ വിലയായ 2,700 രൂപ അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ചുരിദാർ കൈയിലെത്തിയെങ്കിലും അളവ് കൃത്യമായിരുന്നില്ല. ഓൺലൈനായി തന്നെ വിവരം അറിയിച്ചപ്പോൾ പണം മടക്കിനൽകാമെന്ന് വെബ്സൈറ്റ് അധികൃതരുടെ അറിയിപ്പ് ലഭിച്ചു. തുടർന്ന് ബന്ധപ്പെടാനായി ഫോൺ നമ്പരും ആവശ്യപ്പെട്ടു.
രണ്ട് ദിവസം മുമ്പ് ഓൺലൈൻ സൈറ്റിൽ നിന്നെന്ന് പരിചയപ്പെടുത്തി വിളിയെത്തി. പണം മടക്കിനൽകാൻ അക്കൗണ്ട് നമ്പർ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെ വീണ്ടും വിളിച്ച് അക്കൗണ്ട് വിവരങ്ങൾ ഉറപ്പിച്ചു. തൊട്ടുപിന്നാലെ വിളിച്ച് എ.ടി.എം കാർഡ് നമ്പർ ആവശ്യപ്പെട്ടു. സംശയം തോന്നത്തതിനാൽ പ്രസന്നകുമാർ തന്റെ എ.ടി.എം കാർഡ് നമ്പർ നൽകി. ഉച്ചയോടെ ബാങ്കിൽ പണം പിൻവലിക്കാനായി ചെന്നപ്പോഴാണ് പണം നഷ്ടമായ വിവരം അദ്ദേഹം അറിഞ്ഞത്. രണ്ട് തവണയായാണ് അക്കൗണ്ടിൽ നിന്ന് 90,000 രൂപ കവർന്നത്.
ഉത്തരേന്ത്യ സംഘമെന്ന് സംശയം
ഓൺലൈൻ സൈറ്റിൽ നിന്നെന്ന് പരിചയപ്പെടുത്തി പ്രസന്നകുമാറിനെ മൂന്ന് തവണ വിളിച്ചതും വ്യത്യസ്ത നമ്പരുകളിൽ നിന്നാണ്. ഇതിൽ ഒരെണ്ണം വാട്സ്ആപ്പ് കോളായിരുന്നു. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് കരുതുന്നു. ഓൺലൈൻ സൈറ്റിന്റെ വിവരങ്ങളും വിളിച്ച ഫോൺ നമ്പരും സഹിതം പ്രസന്നകുമാർ വെസ്റ്റ് പൊലീസിന് പരാതി നൽകി.
കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ്; പണം പോയി, ഒപ്പം സൈറ്റും
1499 രൂപയ്ക്ക് മിനി ലാപ്ടോപ്പ്. ഓൺലൈൻ സൈറ്റിലെ മോഹനവാഗ്ദാനം കണ്ട് കൊല്ലം നഗരത്തിലെ നാല് ചെറുപ്പക്കാർ പണം അക്കൗണ്ട് വഴി നൽകിയിട്ട് മാസങ്ങൾ പലതായി. ഇപ്പോൾ ആ സൈറ്റ് പോലും കാണാനില്ല. കമ്പനിയുടെ ഇ -മെയിൽ വിലാസത്തിലേക്ക് പരാതി അയച്ചെങ്കിലും മറുപടിയുമില്ല.
സമാന തരത്തിലുള്ള തട്ടിപ്പിന് നിരവധി പേർ ഇരയാകുന്നുണ്ട്. പലരും നാണക്കേട് കരുതി പുറത്ത് പറയാതിരിക്കുകയാണ്. കമ്പ്യൂട്ടർ പരിജ്ഞാനം ഉൾപ്പെടെയുള്ളവരാണ് ഇത്തരം വ്യാജന്മാരുടെ വലയിൽ വീഴുന്നതെന്നതും ശ്രദ്ധേയമാണ്.