photo
പി.ഐഷാപോറ്റി എം.എൽ.എയും സംഘവും ചെട്ടിയാരഴികത്ത് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോൾ

കൊല്ലം: കൊല്ലം- പത്തനംതിട്ടകളെ ബന്ധിപ്പിച്ചുകൊണ്ട് കല്ലടയാറിന് കുറുകെ നിർമ്മിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ പി.ഐഷാപോറ്റി എം.എൽ.എ എത്തി. ഇന്നലെ രാവിലെയാണ് എം.എൽ.എയും സംഘവും ചെട്ടിയാരഴികത്ത് കടവിലെത്തിയത്. മുൻ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്.സുനിലും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എ.അജിയും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. കല്ലടയാറിന് നടുവിലായി രണ്ട് തൂണുകളുടെ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. മൂന്നാമത്തെ തൂണിന്റെ നിർമ്മാണമാണ് ഇപ്പോൾ നടന്നുവരുന്നത്. മഴയാണ് ഇപ്പോഴത്തെ വില്ലൻ. കൃത്യമായി തടസങ്ങളില്ലാതെ ജോലികൾ നടന്നാൽ ഒരു വർഷത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയും.

കിഫ്ബി അനുവദിച്ചത് 11.22 കോടി

പാലത്തിനും അപ്രോച്ച് റോഡിനുമായി 11.22 കോടി രൂപയാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. 10.56 കോടി രൂപയ്ക്കാണ് പാലം നിർമ്മാണ കരാർ. 130.7 മീറ്റർ നീളമുള്ളതാണ് പാലം. നാല് സ്പാനുകളാണ് ആകെയുള്ളത്. 32 മീറ്റർ നീളത്തിൽ രണ്ടെണ്ണവും 20.75 മീറ്ററിൽ രണ്ട് സ്പാനുകളുമുണ്ടാകും. ഒന്നര മീറ്റർ നടപ്പാത ഉൾപ്പടെ 11 മീറ്റർ വീതിയുണ്ടാകും. 805 മീറ്റർ അനുബന്ധ റോഡുകളും പൂർത്തിയാക്കും. ഇതിൽ മണ്ണടി ഭാഗത്ത് 380 മീറ്റർ നീളവും താഴത്തുകുളക്കട ഭാഗത്ത് 425 മീറ്റർ നീളവുമാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഓടകളും നിർമ്മിക്കും.

ഏനാത്ത് പാലത്തിന് ഒരു ബദൽ

താഴത്ത് കുളക്കട ഗ്രാമത്തെയും പത്തനംതിട്ട ജില്ലയിലെ മണ്ണടിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. എം.സി റോഡിൽ ഏനാത്ത് പാലത്തിൽ എന്തെങ്കിലും ഗതാഗത തടസമുണ്ടായാൽ കല്ലടയാറ് കടക്കാൻ ബദൽ പാലമായും ചെട്ടിയാരഴികത്ത് പാലം ഉപയോഗിക്കാനാകും. പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം കുളക്കട, കടമ്പനാട് വില്ലേജുകളിലുള്ളവർ സൗജന്യമായി വിട്ടുനൽകിയതാണ്. ചെട്ടിയാരഴികത്ത് പാലം യാഥാർത്ഥ്യമാകുന്നതോടെ താഴത്തുകുളക്കട, മാവടി, കുളക്കട കിഴക്ക് ഭാഗത്തുള്ളവർക്ക് അടൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്കും തിരികെയും സഞ്ചരിക്കുന്നതിന്റെ ദൂരം കുറയും.