
കുണ്ടറ: ബസ് ഇടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരി ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കിഴക്കേകല്ലട ഉപ്പൂട് ഷിബു ഭവനിൽ എൻ. ഭാനുവിന്റെ ഭാര്യ എൻ. സുധർമ്മയാണ് (61) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11.40 ഓടെ പള്ളിമുക്ക് ചിറ്റുമല റോഡിൽ ഓണമ്പലത്തിനും സൗന്ദര്യ ജംഗ്ഷനുമിടയിൽ വളവിലായിരുന്നു അപകടം.
പിന്നിൽ നിന്നെത്തിയ ബസ് സ്കൂട്ടർ മറികടക്കുന്നതിനിടെ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം.
സ്കൂട്ടറിന് പിന്നിലിരുന്ന സുധർമ്മ റോഡിലേക്കും സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധു പ്രീത ഇടതുവശത്തേക്കുമാണ് വീണത്. സുധർമ്മയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. പ്രീത ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഹൃദ്രോഗിയായ സുധർമ്മ ഡോക്ടറെ കാണുന്നതിനാണ് ബന്ധുവിനൊപ്പം പുറപ്പെട്ടത്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. മക്കൾ: ഷിബുലാൽ (ദുബായ്), ഷീബ. മരുമക്കൾ: സന്തോഷ്, അശ്വതി.