dr-anoop

കൊല്ലം: കടപ്പാക്കട അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയിൽ ഡോ. അനൂപ് കൃഷ്‌ണയെ (37) മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ വീട്ടിലെ ബാത്ത്റൂമിൽ തൂങ്ങിനിന്ന അനൂപിന്റെ കൈ ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസം 23ന് അനൂപ് ഓർത്തോ കെയറിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴ് വയസുകാരി മരിച്ചിരുന്നു. പുത്തൂർ മാറനാട് കുറ്റിയിൽ പുത്തൻവീട്ടിൽ സജീവ് കുമാറിന്റെയും വിനീതാ കുമാരിയുടെയും മകൾ ആദ്യ എസ്. ലക്ഷ്‌മിയാണ് (7) മരിച്ചത്. കാലിലെ വളവു മാറ്റാൻ ഉച്ചയോടെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്‌തംഭനം ഉണ്ടായെന്നും കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നും വീട്ടുകാരെ ഡോക്ടർ അറിയച്ചു. അതനുസരിച്ച് നഗരത്തിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് രക്ഷാകർത്താക്കൾ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കൊല്ലം എ.സി.പി എ. പ്രദീപ് കുമാറാണ് അന്വേഷണം നടത്തുന്നത്. മരണകാരണം വ്യക്തമാക്കുന്ന റിപ്പോർട്ട് ഇതുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ ചിലർ പ്രചാരണം നടത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ മാനസിക സംഘർഷമാകാം ഡോക്ടറെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസവും ഡോക്ടർ ആത്മഹത്യാശ്രമം നടത്തിയതായി പൊലീസ് പറയുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ നഗരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും ജനപ്രീതിയും നേടിയ യുവ ഡോക്ടറാണ് അനൂപ്. കാലിനും കൈകൾക്കും ജന്മനാ ഉണ്ടാകുന്ന വളവുകൾ മാറ്റി നേരെയാക്കുന്ന ശസ്ത്രക്രിയകളിൽ വിദഗ്ദ്ധനായിരുന്നു. മികച്ച ചികിത്സയും പരിചരണവും കൊണ്ട് വൈകല്യം ഇല്ലാതായി സാധാരണ ജീവിതത്തിലേക്ക് എത്തിയവർ നിരവധിയാണ്. ചികിത്സ തേടിയെത്തിയ കുഞ്ഞിന്റെ മരണവും തുടർന്നുണ്ടായ സംഭവങ്ങളും ഡോക്ടറെ ഏറെ വിഷമിപ്പിച്ചിരുന്നു. ആശുപത്രിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതും ആദ്യമായിട്ടാണ്. കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം വിട്ടുനൽകും. ഉണ്ണിക്കൃഷ്ണൻ പിതാവും രതീഭായി മാതാവുമാണ്. ഡോ. അർച്ചനയാണ് ഭാര്യ. മകൻ: ആദിത്യ കൃഷ്ണ.