pappadam
104 ൻ്റെ നിറവിലും പർപ്പിട കനിർമ്മാണത്തിൽ ലക്ഷ്മിയമ്മ


പത്തനാപുരം: 104 വയസുണ്ട് ലക്ഷ്മി അമ്മയ്ക്ക്. ജോലി പപ്പടനിർമ്മാണം. പത്തനാപുരം ടൗൺ നോർത്ത് വാർഡിൽ ബാവാ സാഹിബ് നഗറിൽ തെറ്റിതറ വീട്ടിൽ ലക്ഷ്മിഅമ്മയാണ് പപ്പടം നിർമ്മിച്ച് വിറ്റ് ,​വരുമാനം കണ്ടെത്തുന്നത്. ഏഴാം വയസിൽ അച്ഛനേയും അമ്മയേയും സഹായിച്ച് തുടങ്ങിയ പപ്പടനിർമ്മാണം ജീവിതത്തിലിന്നോളം ഒപ്പം കൂട്ടി. പത്തൊൻപത് വയസിൽ വിവാഹിതയായ ലക്ഷ്മിയമ്മയ്ക്ക് രണ്ട് ആണും ഒരു പെണ്ണുമടക്കം മൂന്ന് മക്കളായിരുന്നു. ലക്ഷ്മിയമ്മയുടെ മുപ്പതാമത്തെ വയസിൽ ഭർത്താവ് നാരായണൻ മരണപ്പെട്ടു. പിന്നീടങ്ങോട്ട് ദുരിതപൂർണമായ ജീവിതമായിരുന്നു. പപ്പട നിർമ്മാണത്തിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് മക്കളെ വളർത്തി വലുതാക്കിയത്. മക്കൾ മൂന്ന് പേർക്കും പപ്പട നിർമ്മാണം തന്നെയാണ് വരുമാനമാർഗം. മൂത്ത മകൻ 71 ാം വയസിൽ കഴിഞ്ഞ വർഷം മരണപ്പെട്ടു. ഇളയ മകൻ മുരളീധരനൊപ്പമാണ് ലക്ഷ്മിയമ്മയുടെ താമസം. മുരളീധരന് പപ്പട നിർമ്മാണത്തിനൊപ്പം രാഷ്ടീയ പ്രവർത്തനവും പത്ര ഏജൻസിയുമുണ്ട്. മകൾ ഓമന ആവണീശ്വരത്ത് പപ്പടക വ്യാപാര സ്ഥാപനം നടത്തുന്നു.

മായം ഇല്ല

മായം കലരാത്തതും പഴമ കൈവിടാതെ നിർമ്മിക്കുന്നതുമായ ലക്ഷ്മിയമ്മയുടെ പപ്പടത്തിന്റെ തനത് രുചിതേടി ആവശ്യക്കാർ ഏറെയാണ് എത്തുന്നത്. ഓണനാളുകളിലും. വിവാഹ അവശ്യങ്ങൾക്കും മറ്റും ലക്ഷ്മിയമ്മയുടെ കൈകളാൽ നിർമ്മിക്കുന്ന പപ്പടം തേടി നിരവധി പേർ ഇന്നും എത്തുന്നു.